citu

തിരുവനന്തപുരം: സെപ്തംബറിലെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നു. ഓണത്തിന് അവധിപോലും നിയന്ത്രിച്ച് ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിച്ചശേഷം ശമ്പളം മുടക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രതിമാസം സർക്കാർ നൽകാറുള്ള ധനസഹായം 16 കോടി രൂപയായി കുറച്ചതോടെ ശമ്പളവിതരണം അനിശ്ചിതത്തിലാണ്. ബുധനാഴ്ച ഈ തുക കിട്ടിയാലും പൂർണ ശമ്പളം നൽകാനാകില്ല. 40 കോടി രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഓണത്തിന് അധിക ധനസഹായം നൽകിയതിനാൽ ഈ മാസം 16 കോടി രൂപമാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്ന് ധനവകുപ്പ് അറിയിച്ചിരുന്നു.
ശമ്പളം വൈകുന്നതിനെതിരെ ബി.എം.എസും ഐ.എൻ.ടി.യു.സിയും രംഗത്തെത്തിയെങ്കിലും ഉപതിരഞ്ഞെടുപ്പുകളുടെ വേളയിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കെ.എസ്.ആർ.ടി.സിയിലെ ഇടത് സംഘടകൾ തയ്യാറായിരുന്നില്ല. എന്നാൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമായതോടെ ഇവരുടെ നിശബ്ദത ചോദ്യം ചെയ്യപ്പെട്ടു. ഇത്തവണ സർക്കാർ സഹായം കുറച്ചതോടെ പ്രതിസന്ധിരൂക്ഷമാകുമെന്ന ഭയത്തിലാണ് ജീവനക്കാർ.
കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു ഇന്ന് ചീഫ് ഓഫീസിനും സോണൽ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തും. ശമ്പളമുടക്കം മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇവർ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ അന്നത്തെ എം.ഡി ടോമിൻ തച്ചങ്കരിയെ മാറ്റാൻവേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾക്ക് ശേഷം സി.ഐ.ടി.യു ചീഫ് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തുന്നത് ആദ്യമായിട്ടാണ്. ഇന്നും നാളെയും അവധിയാണ്. ശമ്പളത്തിന് 9 വരെയെങ്കിലും കാത്തിരിക്കണം.