തിരുവനന്തപുരം: നവരാത്രി മഹോത്സവം നടക്കുന്ന ക്ഷേത്രങ്ങളിലെല്ലാം ഇന്ന് തിരക്കേറും. നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി ആഘോഷിക്കും. ദുർഗാഷ്ടമി ദിനമായ ഇന്നലെയും പൂജവയ്പുള്ള ക്ഷേത്രങ്ങളിലെല്ലാം ഭക്തർ നവരാത്രി തൊഴുതു. അക്ഷരദേവതയുടെ കടാക്ഷത്തിന് പ്രാർത്ഥിക്കുന്ന വിജയദശമി നാളെയാണ്. രാവിലെ പൂജയെടുപ്പും കുരുന്നുകൾക്ക് വിദ്യാരംഭവുമായി വിജയദശമി ആഘോഷിക്കും. ഇന്നലെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സരസ്വതിദേവിയെ തൊഴാൻ പുലർച്ച മുതൽ ഭക്തജനത്തിരക്കായിരുന്നു. രാവിലെ 7.30 ഓടെ തിരക്ക് വർദ്ധിച്ചപ്പോൾ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തേണ്ടിവന്നു. എല്ലായിടത്തും പൊലീസ് സുരക്ഷയും നിയന്ത്രണവുമുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് കോട്ടയ്ക്കകത്തും മറ്റ് ക്ഷേത്രങ്ങളിലും ദർശനത്തിന് തിരക്കായിരുന്നു. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിൽ എഴുത്തിനിരുത്തും. സാംസ്‌കാരിക സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ,തൊഴിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദ്യാലബ്ധിക്കും ഐശ്വര്യത്തിനുമായി ഇന്നലെ പൂജവച്ചു. പുസ്തകങ്ങളും തൊഴിലുപകരണങ്ങളും അലങ്കരിച്ച വാഹനങ്ങളുമാണ് പൂജ വയ്ക്കുന്നത്.വിവിധ ക്ഷേത്രങ്ങളിൽ വിദ്യാർത്ഥികൾ പുസ്തകവും എഴുത്തുപകരണങ്ങളും പൂജയ്ക്ക് നൽകി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതിക്ഷേത്രം, പൂജപ്പുര സരസ്വതിമണ്ഡപം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയ്പും വിദ്യാരംഭവും നടക്കും.
നഗരത്തിന് പുറത്തുള്ള ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും പൂജവയ്പിനും വിദ്യാരംഭത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.
ചൊവ്വാഴ്ച പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. കരമന നിന്നു രാവിലെ 9ന് ഘോഷയാത്രയെ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തും. തുടർന്ന് കാവടി ഘോഷയാത്ര ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് സരസ്വതി മണ്ഡപത്തിലെത്തും. ഉച്ചയ്ക്ക് 2ന് കാവടി അഭിഷേകം. വൈകിട്ട് 4.30ന് പള്ളിവേട്ടയ്ക്ക് ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നെള്ളിക്കും. സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽ നിന്നു മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിക്കും. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം, കാണിക്ക സമർപ്പണം എന്നിവയ്ക്ക് ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോകും. ബുധനാഴ്ച വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. വ്യാഴാഴ്ച രാവിലെ നവരാത്രി വിഗ്രഹങ്ങളെ മാതൃക്ഷേത്രസ്ഥലമായ പദ്മനാഭപുരത്തേക്ക് തിരിച്ചെഴുന്നള്ളിക്കും.