india-cricket-win
india cricket win

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസ് വിജയം

രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊടിച്ചത് മുഹമ്മദ് ഷമി

രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ രോഹിത് ശർമ്മ മാൻ ഒഫ് ദ മാച്ച്

വിശാഖപട്ടണം : സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ സ്റ്റംപുകൾ എറിഞ്ഞൊടിച്ച പേസർ മുഹമ്മദ് ഷമിയുടെ അത്യുജ്ജ്വല പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയാരംഭം.

വിശാഖപട്ടണത്ത് ഇന്നലെ സമാപിച്ച ഒന്നാം ടെസ്റ്റിൽ 203 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. രണ്ടാം ഇന്നിംഗ്സിൽ 395 റൺസ് ലക്ഷ്യവുമായി 11/1 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ സന്ദർശകർ ചായയ്ക്ക് മുന്നേ 191 റൺസിൽ ആൾ ഒൗട്ടാവുകയായിരുന്നു.

നാലുപേരുടെ സ്റ്റംപ് എറിഞ്ഞിടുകയും ഒരാളെ കീപ്പറുടെ കൈയിലെത്തിക്കുകയും ചെയ്ത പേസർ മുഹമ്മദ് ഷമിയുടെ മാരകബൗളിംഗായിരുന്നു അവസാന ദിവസത്തെ അത്ഭുതം. നാലുവിക്കറ്റുമായി ജഡേജയും ഒരു വിക്കറ്റുമായി അശ്വിനും ഇന്ത്യൻ വിജയവും പൂർണമാക്കി. ഒാപ്പണർ റോളിൽ ഇറങ്ങിയ ആദ്യടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ (176, 127) രോഹിത് ശർമ്മയാണ് മാൻ ഒഫ് ദ മാച്ച്.

രോഹിതിന്റെയും മായാങ്ക് അഗർവാളിന്റെയും (201) ഒാപ്പണിംഗ് മികവിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 502/7 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്നു. ഒന്നാം ഇന്നിംഗ്സിന്റെ തുടക്കത്തിലെ തകർച്ചയെ ഡീൻ എൽഗാറിന്റെയും (160), ഡികോക്കിന്റെയും (111) സെഞ്ച്വറികൾ കൊണ്ട് പ്രതിരോധിച്ച ദക്ഷിണാഫ്രിക്ക പുറത്തായത് 431 റൺസിന്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രോഹിതിന്റെ സെഞ്ച്വറിക്കൊപ്പം പുജാര (81), ജഡേജ (40), കൊഹ്‌ലി (31) രഹാനെ (27) എന്നിവരുടെ സംഭാവനകളും ചേർത്ത് നാലാം ദിവസം ചായയ്ക്ക് ശേഷം 323/4 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. നാലാംദിവസം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തിരുന്നു.

അവസാന ദിവസമായ ഇന്നലെ രാവിലെ തന്നെ തെയുനിസ് ഡി ബ്രുയാനെ (10) സന്ദർശകർക്ക് നഷ്ടമായി. അശ്വിനാണ് ഡി ബ്രുയാനെ ബൗൾഡാക്കിയത്. തുടർന്ന് ഷമിയുടെ ഉൗഴമായിരുന്നു. ടെംപ ബൗമ (0) ഡുപ്ളെസി (13), ഡികോക്ക് (0) എന്നിവരെ ഷമിയുടെ മാരകമായ എറുകൾ ക്ളീൻ ബൗൾഡാക്കിയപ്പോൾ ദക്ഷിണാഫ്രിക്ക 60/5 എന്ന നിലയിലായി. തുടർന്ന് ഇന്ത്യൻ വംശജനായ സേനുരൻ മുത്തുസ്വാമി (49 നോട്ടൗട്ട്) ഒരറ്റത്ത് നിലയുറപ്പിക്കവേ എയ്ഡൻ മാർക്രം (39), ബർനോൺ ഫിലാൻഡർ (0) , കേശവ് മഹാരാജ് (0) ഒരോവറിൽ മടക്കി അയച്ച ജഡേജ ഇന്ത്യൻ വിജയം തൊട്ടരികിലെത്തിയെന്ന് തോന്നിപ്പിച്ചു.

എന്നാൽ ഒൻപതാം വിക്കറ്റിൽ മുത്തുസ്വാമിയും ഡേൻ പീറ്റും (56) ചേർന്ന് കൂട്ടിച്ചേർത്ത 91 റൺസ് ഇന്ത്യൻ വിജയം അല്പം വൈകിപ്പിച്ചു. ഒടുവിൽ പീറ്റിന്റെ കുറ്റി എറിഞ്ഞിട്ട് ഷമിതന്നെ സഖ്യം പൊളിച്ചു. അവസാന വിക്കറ്റിൽ കാഗിസോ റബാദയെ (18) കൂട്ടി മുത്തുസ്വാമി കുറച്ചുനേരം കൂടിപിടിച്ചുനിന്നു. ദക്ഷിണാഫ്രിക്കയുടെ ശവപ്പെട്ടിയിലെ അവസാന ആണി അടിച്ചതും ഷമിതന്നെ. റബാദയെ കീപ്പർ സാഹയുടെ കൈയിലെത്തിച്ചാണ് ഇന്നിംഗ്സിന് കർട്ടനിട്ടത്.

ഇൗ വിജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഇൗമാസം 10ന് പൂനെയിൽ തുടങ്ങും.

40

പോയിന്റുകൾ ഇൗ വിജയത്തിലൂടെ ലഭിച്ച ഇന്ത്യ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 160 പോയിന്റുമായി ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. രണ്ട് ടെസ്റ്റുകളിൽനിന്ന് 60 പോയിന്റ് നേടിയ ന്യൂസിലൻഡാണ് രണ്ടാം സ്ഥാനത്ത്.

ഷമിയുടെ ബൗൾഡുകൾ

11.3 ഒാവർ

ഷമിയുടെ ഗുഡ്ലെംഗ്ത് ബാൾ നേരിടാനുള്ള ടെംപ ബൗമയുടെ ശ്രമം പിഴച്ച് ബാറ്റ്സ്‌മാൻ ബാലൻസ് തെറ്റി മറിഞ്ഞുവീണപ്പോൾ സ്റ്റംപുകൾ ചിതറിത്തെറിച്ചു.

2. 21.5

ഒാവറിലെ ഒാഫ് സ്റ്റംപിന് പുറത്ത് പിച്ചു ചെയ്ത ഷമിയുടെ പന്ത് സ്വിംഗ് ചെയ്ത് തന്റെ ഒാഫ് സ്റ്റംപുമായി പറന്നപ്പോൾ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ഫാഫ് ഡുപ്ളെസി ഞെട്ടിത്തരിച്ചുനിന്നുപോയി.

3.

23.1 ഒാവർ

ഒാഫ് സ്റ്റംപിന് പുറത്തേക്ക് പോകുമെന്ന് കരുതി പ്രതിരോധിക്കാൻ ശ്രമിച്ച ഡി കോക്കിന്റെ കണക്കുകൾ തെറ്റിച്ച് ഷമിയുടെ പന്ത് ഒഫ് സ്റ്റംപ് തെറിപ്പിച്ചു.

4. 59.1 ഒാവർ

ഒാഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്തശേഷം കുത്തിത്തിരിഞ്ഞ പന്തിലൂടെ ഷമി പീറ്റിന്റെ കുറ്റിയും തെറുപ്പിച്ചു.

സ്പിന്നിനെ തുണയ്ക്കുന്ന ഇത്തരം പിച്ചുകളിൽ എങ്ങനെ ബൗൾ ചെയ്യണമെന്ന് ഷമിക്ക് നന്നായി അറിയാം. റിവേഴ്സ് സ്വിംഗ് എറിയുന്നതിൽ മാസ്റ്ററായി ഷമി മാറിയിരിക്കുന്നു.

രോഹിത് ശർമ്മ

സ്പിന്നർമാർക്ക് മാത്രമല്ല ഇൗ പിച്ചിൽ തങ്ങൾക്കും ഏറെ ചെയ്യാനുണ്ടെന്ന പേസർമാരുടെ തിരിച്ചറിവും അതിനായുള്ള ശ്രമവും അഭിനന്ദനീയമാണ്. ഏത് സാഹചര്യത്തിലും ടീമിനായി സംഭാവനകൾ ചെയ്യാനുള്ള സമീപനമാണ് ഇൗ വിജയത്തിന് ആധാരം.

വിരാട് കൊഹ്‌ലി

രണ്ടാം ഇന്നിംഗ്സിൽ രോഹിതിന്റെയും പുജാരയുടെയും ബാറ്റിംഗാണ് ഞങ്ങളെ മത്സരത്തിൽനിന്ന് അകറ്റിയത്. അവസാന ദിവസത്തെ പേസ് ആക്രമണം അപ്രതീക്ഷിതമായിരുന്നു.

ഫാഫ് ഡുപ്ളെസി

ദക്ഷിണാഫ്രിക്ക ക്യാപ്ടൻ

3

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ആദ്യരണ്ട് വിജയങ്ങൾ വിൻഡീസിനെതിരെയായിരുന്നു.

37

സിക്സുകളാണ് വിശാഖപട്ടണത്ത് പിറന്നത്. ഒരു ടെസ്റ്റിലെ ഏറ്റവും കൂടുതൽ ടെസ്റ്റുകളുടെ റെക്കാഡും തകർന്നു. 2014 ൽ പാകിസ്ഥാനും ന്യൂസിലൻഡും തമ്മിൽ ഷാർജയിൽ നടന്ന ടെസ്റ്റിൽ 35 സിക്സുകൾ പിറന്ന റെക്കാഡാണ് പഴങ്കഥയായത്.

27

സിക്സുകളാണ് മത്സരത്തിലെ ഇരു ഇന്നിംഗ്സുകളിലുമായി ഇന്ത്യൻ താരങ്ങൾ പറത്തിയത്. ഇതിൽ 13 എണ്ണം രോഹിതിന്റെ വകയായിരുന്നു. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന വസീം അക്രമിന്റെ റെക്കാഡ് രോഹിത് തിരുത്തിയെഴുതി.

350

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 350 വിക്കറ്റുകളെന്ന മുത്തയ്യ മുരളീധരന്റെ റെക്കാഡിനൊപ്പം രവിചന്ദ്രൻ അശ്വിനുമെത്തി. 66-ാമത്തെ ടെസ്റ്റിലാണ് അശ്വിൻ 350 ലെത്തിയത്. ആദ്യഇന്നിംഗ്സിൽ അശ്വിൻ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റും.

രണ്ടാം ഇന്നിംഗ്സിൽ റിവേഴ്സ് സ്വിംഗ് ലഭിക്കുമെന്ന ഉറപ്പുപ്പായിരുന്നു. മുൻനിര ബാറ്റ്സ്മാൻമാരെത്തന്നെ പുറത്താക്കാൻ കഴിഞ്ഞത് നേട്ടമായി.

മുഹമ്മദ് ഷമി

സ്കോർ കാർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 502/7 ഡിക്ള

മായാങ്ക് 215, രോഹിത് 176

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 431

എൽഗാർ 160, ഡികോക്ക് 111

അശ്വിൻ 7/145

ഇന്ത്യരണ്ടാം ഇന്നിംഗ്സ് 323/4 ഡിക്ള.

രോഹിത് 127, പുജാര 81

ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് 191

മുത്തുസ്വാമി 39, പീറ്റ് 56

ഷമി 5/35,

ജഡേജ 4/87