തിരുവനന്തപുരം: ''സാർ ഇവിടെ നിന്ന് ആരോഗ്യത്തോടെ പുറത്തിറങ്ങിയിട്ട് ഒരു പടം കൂടി സംവിധാനം ചെയ്യണം.പടം ഞാൻ നിർമ്മിക്കും.'' അതു കേട്ടപ്പോൾ കെ.ജി. ജോർജിന്റെ കണ്ണു നനഞ്ഞു. ഇന്നലെ കൊച്ചി കാക്കനാട്ടെ സ്വകാര്യ ചികിത്സാകേന്ദ്രത്തിൽ കെ.ജി. ജോർജിനെ കാണാൻ കുടുംബസുഹൃത്തു കൂടിയായ മല്ലികാ സുകുമാരൻ എത്തിയതിന് ഒരു കാരണം കൂടിയുണ്ട്- സിനിമാ രംഗത്തെ പ്രമുഖരെ സോഷ്യൽ മീഡിയ വഴി 'കൊല്ലുന്ന' ക്രൂരന്മാർ, പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് മറവിരോഗം ബാധിച്ച് വൃദ്ധസദനത്തിലാണെന്ന് പ്രചരിപ്പിച്ചു! പക്ഷാഘാതത്തിന് ചികിത്സയിലാണെങ്കിലും, സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ജോർജിന് മറവി തീരെയില്ല.
നടൻ മധുവിന് 'ആദരാഞ്ജലികൾ' അർപ്പിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ മധുവിന്റെ മകൾ ഉമ പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെയായിരുന്നു, കെ.ജി. ജോർജിനു നേരെയുള്ള സൈബർ 'ആക്രമണം.'
പഞ്ചവടിപ്പാലം, യവനിക തുടങ്ങി എൺപതുകളിലെ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനായ കെ.ജി.ജോർജ് പഴയ സിനിമകളെക്കുറിച്ചും നിർമ്മാതാക്കളെക്കുറിച്ചുമുള്ള തെളിഞ്ഞ ഓർമ്മകൾ മല്ലികയുമായി പങ്കുവച്ചു.
കെ.ജി. ജോർജിന്റെ ഓർമ്മയ്‌ക്ക് ഒരു കുറവുമില്ലെന്നും താത്‌പര്യമുള്ള വിഷയങ്ങൾ നന്നായി സംസാരിക്കുണ്ടെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.