ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യതോൽവി. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വോൾവർ ഹാംപ്ടണിനോട് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി അടിതെറ്റി വീണത്. ഇതോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലിവർ പൂളിന് എട്ട് പോയിന്റ് പിന്നിൽ രണ്ടാംസ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റി.
2018 മേയ് മാസത്തിന് ശേഷം ആദ്യമായി ഹോം ഗ്രൗണ്ടിൽ ഗോൾ കണ്ടെത്താൻ കഴിയാതെ പോയ മാഞ്ചസ്റ്റർ സിറ്റിയുടെ വലയിൽ 80-ാം മിനിട്ടിലും അവസാന മിനിട്ടിലുമായി ആത്മട്രാവോറാണ് ഗോളുകൾ വീഴ്ത്തിയത്. 1979 നുശേഷം ആദ്യമായാണ് വോൾവർ ഹാംപ്ടൺ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ വിജയം നേടുന്നത്.
ഇൗ സീസണിലെ ഏഴ് മത്സരങ്ങളിൽനിന്ന് സിറ്റിക്ക് 16 പോയിന്റേയുള്ളൂ. അഞ്ച് മത്സരങ്ങളിലാണ് സിറ്റി ജയിച്ചത്. ഒന്നിൽ സമനില വഴങ്ങി. അതേസമയം കളിച്ച എട്ട് മത്സരങ്ങളും ജയിച്ച് 24 പോയിന്റുമായി ലിവർപൂൾ ഒന്നാംസ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ സീസണിൽ ഒറ്റപ്പോയിന്റ് വ്യത്യാസത്തിലാണ് ലിവർപൂളിൽനിന്ന് സിറ്റി കിരീടം തട്ടിയെടുത്തത്.
ഒന്നിനെതിരെ നാലുഗോളുകൾക്ക് സതാംപ്ടണെ കീഴടക്കി ചെൽസി 14 പോയിന്റുമായി അഞ്ചാമതേക്ക് ഉയർന്നു. സതാംപ്ടണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 17-ാം മിനിട്ടിൽ താമി എബ്രഹാം, 24-ാം മിനിട്ടിൽ മാസോൺ മൗണ്ട്, 40-ാം മിനിട്ടിൽ എൻഗോളോകാന്റേ, 89-ാം മിനിട്ടിൽ ബത്ഷുവായി എന്നിവരാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്. 30-ാം മിനിട്ടിൽ ഇംഗ്സ് സതാംപ്ടണിനായി സ്കോർ ചെയ്തു.
ഒൻപതാംമിനിട്ടിൽ ഡേവിഡ് ലൂയിസ് തകർപ്പൻ ഹെഡറിലൂടെ നേടിയ ഗോളിന് എ.എഫ്.സി ബേൺ മൗത്തിനെ കീഴടക്കിയ ആഴ്സനൽ എട്ട് കളികളിൽ നിന്ന് 15 പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു.