vanitha-mathil-vellappall

തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു. നിലവിൽ സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശനാണ് പുതിയ പ്രസിഡന്റ്. ഇപ്പോൾ കൺവീനറായ പുന്നല ശ്രീകുമാർ ജനറൽ സെക്രട്ടറിയും. പുതിയ ഭാരവാഹികൾ അടക്കം 18 അംഗ സെക്രട്ടേറിയറ്റും രൂപീകരിച്ചു.

സമിതിയുടെ പ്രവർത്തനം വിപുലമാക്കി താഴെ തലത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് സംഘടനാസംവിധാനത്തിന്റെ ഘടന മാ​റ്റിയത്. സമിതി രജിസ്​റ്റർ ചെയ്യാനും തിരുവനന്തപുരത്ത് ഓഫീസ് ഒരുക്കാനും തീരുമാനിച്ചു.

നവംബറിൽ എല്ലാ ജില്ലയിലും സമിതി ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. അതിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ മുഖ്യമന്ത്റി നിർവഹിക്കും. നവോത്ഥാന മൂല്യങ്ങളെ ആസ്പദമാക്കി ഡിസംബറിൽ കാമ്പസുകളിൽ സംവാദം സംഘടിപ്പിക്കും. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് നാടിനെ സജ്ജമാക്കാൻ 2020 ജനുവരിയിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നവോത്ഥാന സ്‌മൃതി യാത്ര നടത്തും. നവോത്ഥാന നായകരുടെ സ്‌മൃതി മണ്ഡപങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്ര പ്രധാനമായ സ്ഥലങ്ങളിലൂടെയും യാത്ര കടന്നുപോകും.

നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ നല്ല സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്റി പറഞ്ഞു.

സമിതിയുടെ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ വെല്ലുവിളികൾ ഏ​റ്റെടുക്കണമെന്നും അദ്ധ്യക്ഷത വഹിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിവിധ സംഘടനകളുടെ അമ്പതോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പുന്നല ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

മറ്റ് ഭാരവാഹികൾ

അഡ്വ. കെ സോമപ്രസാദ് എം.പി (ട്രഷറർ), പി. രാമഭദ്റൻ (ഓർഗനൈസിംഗ് സെക്രട്ടറി), ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ബി. രാഘവൻ, അഡ്വ.സി. കെ. വിദ്യാസാഗർ (വൈസ് പ്രസിഡന്റുമാർ), അഡ്വ. പി.ആർ. ദേവദാസ്, ടി.പി. കുഞ്ഞുമോൻ, അഡ്വ. കെ.പി. മുഹമ്മദ് (സെക്രട്ടറിമാർ).

അഡ്വ. കെ. ശാന്തകുമാരി, അബ്ദുൽ ഹക്കിം ഫൈസി, പി.കെ. സജീവ്, ഇ.എ. ശങ്കരൻ, കെ.ടി. വിജയൻ, അഡ്വ. വി.ആർ. രാജു, രാമചന്ദ്രൻ മുല്ലശ്ശേരി, കെ.കെ. സുരേഷ് (സെക്രട്ടേറിയ​റ്റ് അംഗങ്ങൾ).