തിരുവനന്തപുരം: കൂടത്തായിയിൽ ജോളി നടത്തിയ കൂട്ടക്കുരുതികളിൽ കേരളം ഞെട്ടിത്തരിക്കുമ്പോൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട് ഇതുപോലുള്ള അരുംകൊലകൾ. അവയ്ക്കുപിന്നിലുമുണ്ടായിരുന്നു അരുതാത്ത ബന്ധങ്ങളും സ്വത്ത് മോഹവുമൊക്കെ. കണ്ണൂർ പിണറായിയിലെ പടന്നക്കരയിൽ സൗമ്യയെന്ന യുവതി രണ്ട് കുട്ടികളെയും മാതാപിതാക്കളെയും പലപ്പോഴായി എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട്ട് ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തി കാമുകനുമായി ചേർന്ന് ഭർതൃമാതാവിനെയും മകളെയും വകവരുത്തിയതും ക്രൂരതയുടെ മറ്റൊരു ഏടായി. നെടുമങ്ങാട് പറണ്ടോട് കാരന്തലയിൽ അമ്മയും കാമുകനും ചേർന്ന് പതിനാറുകാരിയെ കൊലപ്പെടുത്തി കിണറ്രിലെറിഞ്ഞ് കൊന്നത് അവിഹിതത്തിന് തടസമാകുമെന്ന് കണ്ടാണ്. നാട്ടുകാർക്കും ബന്ധുക്കൾക്കുമുണ്ടായ സംശയങ്ങളും പൊലീസിന്റെ ശാസ്ത്രീയ അന്വേഷണവുമാണ് ഈ കേസുകളിലെല്ലാം പ്രതികളെ അഴിയ്ക്കുള്ളിലാക്കിയത്.
പിണറായി കൂട്ടക്കൊല
പിണറായിയിലെ പടന്നക്കര വണ്ണത്താൻ വീട്ടിൽ സൗമ്യയുടെ മകൾ ഒരു വയസുകാരി കീർത്തനയാണ് 2012 സെപ്തംബറിൽ ആദ്യം കൊല്ലപ്പെട്ടത്. പിന്നീട് 2018 ജനുവരി 2ന് മൂത്തമകൾ ഐശ്വര്യകിഷോർ, മാർച്ച് 7ന് സൗമ്യയുടെ മാതാവ് കമല (65), ഏപ്രിൽ 13ന് സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ (76) എന്നിവരും കൊല്ലപ്പെട്ടു. സൗമ്യയുടെ വഴിവിട്ട ജീവിതത്തെപ്പറ്റി അറിവുണ്ടായിരുന്ന നാട്ടുകാർക്ക് തുടരെയുള്ള മരണത്തിൽ തോന്നിയ സംശയമാണ് പോസ്റ്റുമോർട്ടത്തിനും എലിവിഷമാണ് വില്ലനെന്ന് കണ്ടെത്താനും സഹായിച്ചത്. തുടർന്ന് അറസ്റ്റിലായ സൗമ്യ റിമാൻഡിൽ കഴിയവേ 2018 ആഗസ്റ്റ് 24ന് വനിതാ ജയിൽ വളപ്പിലെ പറങ്കിമാവിൽ തൂങ്ങി ജീവനൊടുക്കി.
ആലംകോട് കൊലപാതകം
ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ റിട്ട. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജീവനക്കാരൻ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമന (67), പേരക്കുട്ടി സ്വസ്തിക (4) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഓമനയുടെ മകനും സ്വസ്തികയുടെ അച്ഛനുമായ ലിജീഷിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഒന്നാംപ്രതി നിനോ മാത്യുവിന് (42) കോടതി വധശിക്ഷ വിധിച്ചു. ഇയാളുടെ കാമുകിയായ രണ്ടാംപ്രതി അനുശാന്തിക്ക് (33) കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും ഇരുവർക്കും 62.5 ലക്ഷം രൂപവീതം പിഴയും കോടതി വിധിച്ചു. ടെക്നോപാർക്കിലെ സഹപ്രവർത്തകരായിരുന്ന അനുശാന്തിയും നിനോമാത്യുവും തമ്മിലുളള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിന് കാരണമായി പ്രോസിക്യൂഷൻ കണ്ടെത്തിയത്.
16 കാരിയെ അമ്മ കശക്കിയെറിഞ്ഞു
നെടുമങ്ങാട് പറണ്ടോട് കാരാന്തല കുരിശടിക്ക് സമീപം കിണറ്രിൽ പതിനാറുകാരിയെ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിന് കാരണമായത് അമ്മയുടെ വഴിവിട്ട ജീവിതം. കഴിഞ്ഞ വർഷം ജൂലൈയിലാണ് കുട്ടിയുടെ അമ്മയും അവരുടെ കാമുകനും ചേർന്ന് കൊല ചെയ്തത്. ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയ പെൺകുട്ടിയുടെ അമ്മയും കാമുകനും തമ്മിലുള്ള പ്രണയത്തിനും വഴിവിട്ട ജീവിതത്തിനും 16കാരി തടസമായതാണ് കൊലയ്ക്ക് കാരണമായത്. ശ്വാസംമുട്ടിച്ച് ബോധം കെടുത്തിയശേഷം ഇരുവരും ചേർന്ന് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
പട്ടികയിൽ ഇനിയുമുണ്ട്..
കൂടത്തായിയിൽ ജോളി നടത്തിയ കൊലപാത പരമ്പരയ്ക്ക് സമാനമായി ഇതുപോലുള്ള കൊലപാതകങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പലതിലും പ്രതികൾ അകത്താവുകയും ചെയ്തു. കേരളത്തിന് പുറത്തും ഇതുപോലുള്ള കൊലപാതക പരമ്പരകൾ അരങ്ങേറിയിട്ടുണ്ട്. സയനൈഡ് മല്ലികയും സയനൈഡ് മോഹനനും ജയശങ്കറുമൊക്കെ ഈ പട്ടികയിലെ കണ്ണികളാണ്. ഇരുപതോളം സ്ത്രീകളെയാണ് മോഹനൻ കൊല ചെയ്തതെങ്കിൽ ആറ് സ്ത്രീകളെയാണ് കെ.ഡി കെംപമ്മ എന്ന മല്ലിക കൊലപ്പെടുത്തിയത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ കൊടുംക്രിമിനലായി വിലസിയ ജയശങ്കർ കൊന്നതാകട്ടെ 15 പേരെയാണ്.
(ബോക്സ്)
'അഭിനയിക്കാൻ മിടുക്കർ'
കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ഉൾപ്പെടെ ഇത്തരം അരുംകൊലകൾ നടത്തുന്നവർ സൈക്കോപ്പത്ത് എന്ന മനോവൈകല്യത്തിന് അടിമകളാണ്. ഇത്തരക്കാർക്ക് കുറ്റബോധമോ പശ്ചാത്താപമോ അനുതാപമോ ഉണ്ടാകാറില്ല. തന്റെ വ്യക്തിത്വത്തിനുമേൽ മുഖംമൂടിയണിഞ്ഞ് നടക്കുന്നവരാണ് ഇവർ. ഇവരുടെ വികാരപ്രകടനങ്ങളെല്ലാം അഭിനയമാണ്. സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം സ്ത്രീകളിലും പുരുഷൻമാരിലുമുണ്ടാകാറുണ്ട്. സ്വന്തം കാര്യസാദ്ധ്യത്തിനായി എന്തും ചെയ്യാൻ കൂസാത്തവരാണ് അവർ. ഇത് കണ്ടെത്തി യഥാസമയം ചികിത്സ നൽകുക മാത്രമാണ് ഇതിനുള്ള പോംവഴി.
-ഡോ. മോഹൻറോയി, തിരു. മെഡി.കോളേജ്, ആർ.എം.ഒ, മനോരോഗവിദഗ്ദ്ധൻ