vidyarambham-

തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്നലെ ആയിരക്കണക്കിന് പൊന്നോമനകൾ ചിരിച്ചും ചിണുങ്ങിയും വാവിട്ടുകരഞ്ഞും അക്ഷരവെളിച്ചത്തിന്റെ ആദ്യമധുരം നുകർന്നു. കേരളകൗമുദിയുടെ വിവിധ യൂണിറ്റുകൾക്കൊപ്പം തിരുവനന്തപുരം യൂണിറ്റ് സംഘടിപ്പിച്ച വിദ്യാരംഭചടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ ഹരിഃശ്രീ കറിച്ചു. പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടന്ന വിദ്യാരംഭത്തിന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തൻ ഭദ്രദീപം തെളിച്ചു. അദ്ദേഹത്തോടൊപ്പം, ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, അനന്തപുരി ആശുപത്രി സി.എം.ഡിയും ന്യൂറോസർജനുമായ ഡോ. മാർത്താണ്ഡപിള്ള, വെറ്ററിനറി സർവകലാശാലയുടെ ആദ്യ വൈസ്ചാൻസലറും ഊർജ്ജ, ജലവിഭവ വകുപ്പ് സെക്രട്ടറിയുമായ ഡോ. ബി. അശോക്,​ തിരുവനന്തപുരം ജില്ലാ സബ് കളക്ടറായിരുന്ന ദിവ്യ എസ്. അയ്യർ,​ സെൻസർ ബോർഡ് അംഗം ഗിരിജാ സേതുനാഥ് എന്നിവരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്. വിദ്യാരംഭത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകി. ഹരിഃശ്രീ കുറിച്ച കുട്ടികളുടെ ഫോട്ടോ പാരമൗണ്ട് സ്റ്റുഡിയോ സൗജന്യമായി പ്രിന്റെടുത്ത് നൽകും.