മലയിൻകീഴ് : ആദ്യഘട്ട സാദ്ധ്യതാ പഠനങ്ങൾ പൂർത്തിയായ മംഗലപുരം - വിഴിഞ്ഞം തുറമുഖം ഹൈടെക് ആറുവരിപ്പാതയുടെ അലൈൻമെന്റിൽ മാറ്റം വരും. നിർദ്ദിഷ്ട പാത കടന്നുപോകേണ്ട വിളപ്പിൽശാലയിൽ എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് ആറുവരിപ്പാതയുടെ അലൈമെന്റിൽ മാറ്റം വരുത്തുന്നത്. മംഗലപുരത്ത് നിന്ന് തുടങ്ങുന്ന 60 മീറ്റർ വീതിയുള്ള ഹൈവേ പോത്തൻകോട്, കാട്ടായിക്കോണം, പന്തലക്കോട്, വട്ടപ്പാറ, അരുവിക്കര, ചൊവ്വള്ളൂർ, വിളപ്പിൽശാല, മാറനല്ലൂർ, ബാലരാമപുരം, വെങ്ങാനൂർ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്.
വിളപ്പിൽശാല ചൊവ്വള്ളൂരിൽ ചവർ ഫാക്ടറി സ്ഥിതിചെയ്യുന്നതിന് സമീപത്തെ 105 ഏക്കർ സ്ഥലമാണ് സാങ്കേതിക സർവകലാശാലയ്ക്ക് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച സർവേ അവസാന ഘട്ടത്തിലാണ്. സർവേയുടെ അന്തിമ റിപ്പോർട്ട് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പരുകൾ ഉൾപ്പെടെ അടിയന്തരമായി സർക്കാരിന് സമർപ്പിക്കുമെന്നാണ് സ്പെഷ്യൽ ഒാഫീസർ പ്രേംലാൽ നൽകിയ വിവരം. റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിൽ ഹബ്ബുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതിനാൽ 100 മീറ്ററിലാണ് സ്ഥലമെറ്റേടുക്കാൻ ഉദ്ദേശിക്കുന്നത്. അണ്ടൂർക്കോണത്ത് രണ്ടിടത്തായി 105 ഏക്കറും, മംഗലപുരത്ത് 60 ഏക്കറും,പന്തലക്കോട്ട് 80 ഏക്കറും, മാറനല്ലൂർ നിറമൺകുഴിയിൽ 95 ഏക്കറും, വിവിധ റസിഡന്റ്‌സ് ഏരിയയ്ക്കുവേണ്ടി മാറനല്ലൂരിൽ 90 ഏക്കറും ഏറ്റെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉയർന്ന വില നൽകി ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയെ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മാസങ്ങൾക്ക് മുമ്പ് ഗവൺമെന്റിൽ സമർപ്പിച്ചിരുന്നു. പുതിയ റിപ്പോർട്ടും രൂപരേഖയും നോഡൽ ഏജൻസിയായ എൽ.ആൻഡ്.ടി തയ്യാറാക്കി 2 മാസത്തിനകം ഗവൺമെന്റിൽ സമർപ്പിക്കും. ആറുവരിപ്പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചിട്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ചില പ്രദേശങ്ങളിൽ സർവേ നടപടികൾ വൈകാൻ കാരണമായിട്ടുണ്ട്. റോഡ് കടന്നുപോകുന്ന പ്രദേശത്തെ ഭൂരേഖകൾ സംബന്ധിച്ച ഡാറ്റ നോഡൽ ഏജൻസിക്ക് കൈമാറാൻ റവന്യു വകുപ്പ് തയ്യാറാകാത്തതും അലൈൻമെന്റ് സംബന്ധിച്ച അന്തിമ രൂപമുണ്ടാക്കാനാകാത്തതിന് കാരണമാണ്.