world-news

ബീജിംഗ്: ചൈനീസ് ഭരണാധികാരികൾ മുസ്ലീങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. പീഡനക്യാമ്പുകളിൽ നിന്ന് രക്ഷപ്പെട്ട് വിദേശരാജ്യങ്ങളിൽ അഭയംതേടിയ ചില സ്ത്രീകളാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാലാൽക്കാരവും ഗർഭമലസിപ്പിക്കലും കൊടിയ മർദ്ദനവും ഇൗ ക്യാമ്പുകളിൽ പതിവാണത്രേ. പടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗിലെ ഇത്തരം ക്യാമ്പുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കണ്ണുകൾ മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ നിലത്തിരുത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പ്രായപൂർത്തിയാകുന്നതിനുമുമ്പുതന്നെ മുസ്ളീങ്ങളെ തെരഞ്ഞുപിടിച്ച് അറസ്റ്റുചെയ്ത് ക്യാമ്പുകളിലേക്ക് മാറ്റും. കടുത്ത എരിവുള്ള മുളക് അരച്ച് യുവതികളുടെയും സ്ത്രീകളുടെയും രഹസ്യഭാഗങ്ങളിൽ പുരട്ടുന്നതാണ് ഗാർഡുമാരുടെ പ്രധാനവിനോദം. വസ്ത്രമെല്ലാം നീക്കിയതിനുശേഷമാണ് ഇൗ ക്രൂരത. എതിർക്കാൻ ശ്രമിച്ചാൽ കൊടിയമർദ്ദനമേൽക്കേണ്ടിവരും. ദിവസങ്ങളോളം ഇൗ പീഡനം തുടരും.

ഇതിനിടയിലായിരിക്കും ബലാൽക്കാരം. ലൈംഗികമായി പീഡിപ്പിക്കുന്നതിനുമുമ്പ് സ്ത്രീകളുടെ മേൽ ഭാരമുള്ള വസ്തുക്കൾ കെട്ടിവച്ചശേഷം വലിച്ചിഴയ്ക്കുന്നതും പതിവാണെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. ഗർഭിണിയാവാതിരിക്കാനുള്ള ഉപകരണങ്ങളും മറ്റും സ്ത്രീകളുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതും അനുമതിയില്ലാതെ ഗർഭപാത്രം നീക്കം ചെയ്യുന്നതും പതിവാണ്. ഗർഭപാത്രം നീക്കം ചെയ്യുമ്പോൾ മതിയായ അളവിൽ അനസ്ത്യേഷ്യപോലും കൊടുക്കില്ല. പുരുഷന്മാരെയും വന്ധ്യംകരണത്തിന് വിധേയരാക്കും. മുസ്ലീങ്ങളുടെ ജനസംഖ്യ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ക്യാമ്പിലെത്തിക്കാൻ അറസ്റ്റുചെയ്താലുടൻ കുട്ടികളെ രക്ഷിതാക്കളിൽ നിന്ന് അകറ്റും. കുട്ടികളെ അനാഥാലയങ്ങൾക്ക് കൈമാറും എന്നാണ് റിപ്പോർട്ട്. രക്ഷിതാക്കൾക്ക് കുട്ടികളെ തിരിച്ചുകിട്ടാനുള്ള സാധ്യത തുലോം കുറവാണ്.

എന്നാൽ റിപ്പോർട്ടുകളെല്ലാം ചൈനീസ് അധികൃതർ നിഷേധിക്കുകയാണ്. മുസ്ലീം സമുദായത്തിലുള്ളവരെ ഭീകരവാദത്തിൽനിന്ന് മോചിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യാധാരയിലേക്ക് എത്തിക്കുന്നതിനുള്ള സ്പെഷ്യൽ ക്യാമ്പുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നതെന്നും കേൾക്കുന്ന വാക്കുകളിൽ അല്പംപോലും സത്യാവസ്ഥ ഇല്ലെന്നുമാണ് അധികൃതർ പറയുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് സമാഗ്രന്വേഷണം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.