ജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ഭാരതത്തിൽ പ്രാചീനകാലം മുതൽ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന അക്ഷരത്തിന്റെ ഉത്സവമാണ് നവരാത്രി. വിദ്യ എല്ലാ മനുഷ്യരുടെയും പരിപൂർണ വികാസം ഉറപ്പുവരുത്തുന്നു. ഓരോ വ്യക്തിയുടെയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ക്രിയാത്മകമായ ഭാവങ്ങളെ ഉണർത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. അറിവിന്റെ പുത്തൻ ചിന്തകൾ വൈദികകാലം മുതൽ ഭാരതത്തിൽ ഉണ്ടായിരുന്നു. അവയെല്ലാം മനുഷ്യന്റെ പൂർണ വികാസത്തെ ഉദ്ദേശിച്ചുള്ളതുമായിരുന്നു. മനുഷ്യനിൽ ഉറങ്ങിക്കിടക്കുന്ന ക്രിയാത്മകമായ ഭാവങ്ങളെ ഉണർത്തുക എന്ന ലക്ഷ്യമാണ് ഹിമാലയസദൃശ്യമായ ഒരു സാംസ്കാരിക പശ്ചാത്തലമുള്ള ഭാരതത്തിന്റെ വിദ്യാസാധന.
നവരാത്രിയിൽ എട്ട് ദിവസം ഉപാസിച്ച് വിജയദശമിദിനത്തിൽ നാവിൻ തുമ്പിൽ ഹരിശ്രീ കുറിച്ച് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച കുരുന്നുകളുടെ കഴിവുകളെ ആദ്യം തിരിച്ചറിയേണ്ടത് രക്ഷിതാക്കളാണ്. വിജ്ഞാനത്തിന്റെ ലോകം കാഴ്ചയിലൂടെയും കേൾവിയിലൂടെയും തുടങ്ങുന്നു. ഒരു കുട്ടിയുടെ വികാസം ലക്ഷ്യമിടുന്ന ഈ പ്രായത്തിൽ അല്ലെങ്കിൽ കാലയളവിൽ (മൂന്ന് മുതൽ എട്ട് വയസ് വരെ) പലതരത്തിലുള്ള ഗുണാത്മകമായ മാറ്റങ്ങളും അവനിൽ സംഭവിക്കുന്നു. ഈ മാറ്റങ്ങളെ വേണ്ട രീതിയിൽ വികസിപ്പിച്ചെടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കളികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ശിശുക്കളുടെ ആരോഗ്യവും ദിനചര്യകളും പാലിക്കുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കുക. സ്വന്തം വികാരങ്ങൾ തിരിച്ചറിയാനും നിയന്ത്രിക്കാനും ഉചിതമായ രീതിയിൽ പ്രകടിപ്പിക്കാനും അവസരം നൽകുക. കുട്ടികളിലെ സൗന്ദര്യാസ്വാദനശേഷിയും സർഗാത്മകതയും വികസിക്കാൻ അവസരം ഒരുക്കുന്നതിന് പുറമേ കാര്യങ്ങൾ കേട്ടുമനസിലാക്കാനും മറ്റുള്ളവർക്ക് മനസിലാകും വിധം പ്രകടിപ്പിക്കാനുള്ള ശേഷി വികസിപ്പിച്ചെടുക്കാനും മാതാപിതാക്കൾ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്.
ഈ പ്രായത്തിലുള്ള കുട്ടികൾ കളികൾ ഇഷ്ടപ്പെടുന്നവരായതുകൊണ്ട് തന്നെ കളികളിലൂടെയാകണം ബോധനം. വിവിധതരം കളികൾ, ആംഗ്യപാട്ടുകൾ, മൈമിംഗ്, അനുകരണം, നാടകക്കളികൾ, സംഘം ചേർന്നുള്ള കളികൾ തുടങ്ങിയവയിലൂടെ കുട്ടികളിൽ ശാരീരികവികസനം സാദ്ധ്യമാകുന്നു. സ്ഥൂലപേശികളുടെ വഴക്കം നേടുന്നതിന് ഓടുക, ചാടുക, പടികൾ കയറുക, ആംഗ്യപ്പാട്ട് എന്നിവ വളരെയേറെ സഹായകമാണ്. കൂടാതെ കുട്ടിയുടെ വൈകാരികമായ വികാസത്തിനായി കഥകൾ, പാട്ടുകൾ, സംഭവങ്ങൾ, റോൾപ്ളേ, അനിമേഷൻ, വീഡിയോ ക്ളിപ്പിംഗുകൾ, ചിത്രകഥകൾ എന്നിവ നൽകണം. കൂടാതെ കളികളിലൂടെതന്നെ സാമൂഹ്യമര്യാദകൾ പാലിക്കുന്നതിനുള്ള അനുഭവങ്ങളും നൽകാൻ രക്ഷിതാക്കൾ ശ്രമിക്കണം.
വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കഥകൾ, ചിത്രീകരണങ്ങൾ, പാട്ടുകൾ എന്നിവ കേൾക്കാനും കാണാനും കുട്ടികൾക്ക് അവസരം നൽകണം. വിവരവിനിമയ സാങ്കേതികവിദ്യയുടെ ദുരുപയോഗവും ക്രിമിനൽ പ്രവർത്തനങ്ങളും ദിനംപ്രതിയെന്നോണം വർദ്ധിക്കുന്നുണ്ട്. കുട്ടികളെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിറുത്താൻ ഉതകുന്ന ബോധവത്കരണം രക്ഷിതാക്കളിൽ നിന്ന് പ്രത്യേകിച്ച് അമ്മമാരിൽ നിന്ന് തുടങ്ങുകയും ഇത്തരം പ്രവൃത്തികളിൽ നിന്ന് കുട്ടികളെ അകറ്റിനിറുത്താൻ ഉതകുന്ന ബോധവത്കരണം നൽകുകയും വേണം. ഇന്റർനെറ്റ്, സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ തുടങ്ങിയവയുടെ ഉപയോഗത്തെ സംബന്ധിക്കുന്ന വ്യക്തവും കൃത്യവുമായ ധാരണയും അറിവും കുട്ടികൾക്ക് പകർന്ന് നൽകാൻ രക്ഷിതാക്കൾക്ക് കഴിയണം. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന അന്തഃശക്തികളെ കണ്ടെത്തി ഗുരുനാഥന്റെയും ഗുരു പരമ്പരയുടെയും അനുഗ്രഹത്തോടെ നവലോക സൃഷ്ടിക്ക് ഓരോ കുഞ്ഞുങ്ങളെയും പ്രാപ്തരാക്കണം. അതിന് രക്ഷിതാക്കൾ ശ്രദ്ധിക്കണം.
നാവിൻതുമ്പിൽ ഹരിശ്രീയെഴുതി ആദ്യാക്ഷരം കുറിച്ച ഓരോ കുട്ടിയുടെയും വളർച്ചയ്ക്കും വികാസത്തിനുമുള്ള അടിത്തറ പ്രാഥമികമായി കുടുംബത്തിൽ നിക്ഷിപ്തമാണ്. അതിന് രക്ഷിതാക്കൾക്ക് കൈത്താങ്ങാവുകയാണ് വിദ്യാലയങ്ങൾ. ഒരു ശിശുവിന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസപ്രവർത്തനങ്ങളിൽ കുടുംബവും വിദ്യാലയവും പരസ്പര പൂരകങ്ങളായി വർത്തിക്കുന്നു. അതുകൊണ്ട് തന്നെ പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കണം. അമ്മയുടെ മടിത്തട്ടാണ് ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം എന്ന് പറയാറുണ്ട്. ആദ്യ അദ്ധ്യാപകരായ രക്ഷകർത്താക്കൾക്ക് കുട്ടിയുടെ അവകാശങ്ങളായ അതിജീവനവും സംരക്ഷണവും നൽകാൻ കഴിയണം. അവരെ രാഷ്ട്രത്തിന്റെ സമ്പത്താക്കി മാറ്റാൻ കഴിയണം.
( ലേഖകൻ ജ്യോതിസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനാണ്
ഫോൺ : 9446065751 )