തിരുവനന്തപുരം: വാഗ്‌ദേവത അനുഗ്രഹം ചൊരിഞ്ഞുനിന്ന വിജയദശമി നാളിൽ കേരളത്തിലെമ്പാടുമുള്ള ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുത്തൻ കുരുന്നുകൾ ഹരിഃശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടന്നു. കൊല്ലൂർ മൂകാംബികയിലും ശിവഗിരി ശാരദാമഠത്തിലും വിദ്യാരംഭത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കൊല്ലൂരിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. മണ്ണിലും അരിയിലുമാണ് കുരുന്നുകൾ ഹരിഃശ്രീ കുറിച്ചത്. കൊല്ലൂരിൽ തിരക്ക് പരിഗണിച്ച് സരസ്വതി മണ്ഡപത്തിലും ക്ഷേത്രയാഗശാലയുടെ പുറത്തുമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. നൃത്ത സംഗീത രംഗങ്ങളിലും ഇന്നലെ നിരവധി പേർ അരങ്ങേറ്റം കുറിക്കുകയും ആദ്യ ചുവടുകൾ വയ്ക്കുകയും ചെയ്തു.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലും തിരൂർ തുഞ്ചൻ പറമ്പിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഭാഷാപിതാവായ എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പിൽ ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ വിദ്യാരംഭം തുടങ്ങി. എം.ടി. വാസുദേവൻ നായരടക്കമുള്ള സാഹിത്യകാരന്മാരും പാരമ്പര്യ എഴുത്താശാന്മാരുമാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ചോറ്റാനിക്കര ദേവീക്ഷേത്രം, തൃശൂർ തിരുവള്ളക്കാവ് ശ്രീധർമ്മശാസ്താക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. തിരുവനന്തപുരത്ത് ഐരാണിമുട്ടം തുഞ്ചൻ പറമ്പിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.