തിരുവനന്തപുരം: ക്രമാതീതമായി വർദ്ധിക്കുന്ന മയക്കുമരുന്നു കേസുകൾ വേഗത്തിൽ കോടതിയിൽ എത്തിക്കാനുള്ള ഊർജ്ജിത നടപടികൾ എക്സൈസ് വകുപ്പ് തുടങ്ങി. ശേഷിച്ചിരുന്ന, 20 കിലോ വരെ ലഹരി വസ്തുക്കൾ പിടികൂടിയ 32 കേസുകളിലും 20 കിലോയ്ക്ക് മുകളിൽ പിടികൂടിയ എട്ട് കേസുകളിലും ചാർജ് ഷീറ്റ് നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തി.
ചാർജ് ഷീറ്റ് നൽകാൻ വൈകുന്നതുമൂലം വലിയ മയക്കുമരുന്നു കേസുകളിലെ പ്രതികൾക്ക് ജാമ്യം കിട്ടാൻ സാഹചര്യമുണ്ടാവുന്നുവെന്ന ആലപ്പുഴ ജില്ലാ കോടതിയുടെ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പുറമെ വിവിധ റേഞ്ചുകളിലായി കെട്ടിക്കിടക്കുന്ന എൻ.ഡി.പി.എസ് കേസുകളിലും (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട്) തുടർ നടപടി വേഗത്തിലാക്കും. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ എൻ.ഡി.പി.എസ് കേസുകളിൽ വലിയ വർദ്ധനയാണ് ഉണ്ടായത്. ഒക്ടോബർ അഞ്ചിന് തൃശൂരിൽ രണ്ടര ക്വിന്റൽ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഭീകരമായ അളവിൽ കഞ്ചാവ് സംസ്ഥാനത്തേക്ക് എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പരിശോധനാ ഫലത്തിലെ കാലവിളംബം
ലഹരി കടത്തുകേസുകളിൽ ചാർജ് ഷീറ്റിനൊപ്പം രാസപരിശോധാ ഫലത്തിന്റെ സർട്ടിഫിക്കറ്റും കോടതിയിൽ നൽകേണ്ടതുണ്ട്. മേജർ കേസുകളിൽ ഇതില്ലാതെ ചാർജ് സ്വീകരിക്കില്ല. തിരുവനന്തപുരം, കാക്കനാട് (എറണാകുളം), കോഴിക്കോട് മേഖലകളിലെ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നിന്നാണ് രാസപരിശോധനാ സർട്ടിഫിക്കറ്റ് കിട്ടേണ്ടത്. സാമ്പിളുകളുടെ എണ്ണക്കൂടുതലും ജീവനക്കാരുടെ കുറവും കാരണം പരിശോധനാ ഫലം കിട്ടാൻ വൈകാറുണ്ട്. സാമ്പിളുകളുടെ പരിശോധന വൈകിയാൽ അത് പരിശോധനാ ഫലത്തെയും ബാധിക്കും.
കേസ് കണ്ടെത്തുന്ന ഉദ്യോഗസ്ഥർ തുടർ അന്വേഷണം നടത്തരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവും ചെറിയ പ്രതിസന്ധി ഉണ്ടാക്കുന്നു. ഒരു റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ കണ്ടെത്തുന്ന കേസ്, അദ്ദേഹം തന്നെ അന്വേഷിക്കുന്നതായിരുന്നു മുമ്പുള്ള രീതി. കോടതി ഉത്തരവു പ്രകാരം ഇൻസ്പെക്ടർ കണ്ടെത്തുന്ന കേസ് സർക്കിൾ ഇൻസ്പെക്ടറും, സി.ഐ കണ്ടെത്തുന്ന കേസ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറും വേണം തുടരന്വേഷണം നടത്താൻ. എക്സൈസിൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
കേസുകൾ വേഗത്തിലാക്കാനുള്ള നടപടികൾ
*കേസ് ഫയലുകൾ അഡിഷണൽ കമ്മിഷണറുടെ മേൽനോട്ടത്തിൽ പരിശോധിക്കും.
*അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാൻ കൂടുതൽ പേരെ പ്രത്യേകം നിയോഗിക്കും
*ലാബ് സർട്ടിഫിക്കറ്ര് വേഗത്തിൽ കിട്ടാൻ കത്തിലൂടെ ആവശ്യകത ബോദ്ധ്യപ്പെടുത്തും
*മയക്കുമരുന്നിനൊപ്പം കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ രേഖകൾ കിട്ടാൻ കത്തയയ്ക്കും
*കേസ് ഉത്ഭവിച്ച സ്ഥലം സംബന്ധമായ രേഖകൾക്ക് വില്ലേജ് ഓഫീസുകളെ സമീപിക്കും
കുറ്റവും ശിക്ഷയും
*ഒരു കിലോ വരെ സ്മാൾക്വാണ്ടിറ്റി കേസ്- ഒരു വർഷം തടവും 10,000 രൂപ വരെ പിഴയും കിട്ടാം
*ഒരു കിലോയ്ക്ക് മുകളിൽ 20 കിലോ വരെ മീഡിയം ക്വാണ്ടിറ്റി- 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
*20 കിലോയ്ക്ക് മുകളിൽ കൊമേഴ്സ്യൽ കേസ്- 20 വർഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയും