ansar
അൻസാർ .എസ് .രാജ് - ഷിബിന ദമ്പതികളുടെ മകൾ ഷെസ മെഹറിൻ ഡോ .ബിജുപ്രഭാകറിൽ നിന്നും ആദ്യാക്ഷരം കുറിക്കുന്നു. സഹോദരൻ സുബ്ഹാൻ സമീപം

തിരുവനന്തപുരം: ധാന്യങ്ങൾ നിറച്ച തളികയിൽ ഹരിഃശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ പിച്ചവച്ചപ്പോൾ കേരളകൗമുദിയുടെ അക്ഷരമുറ്റം മതസൗഹാർദ്ദത്തിന്റെ വേദികൂടിയായി. ജാതിമത ഭേദമില്ലാതെ നിരവധി പേർ കേരളകൗമുദി ഒരുക്കിയ വിദ്യാരംഭ ചടങ്ങിലെത്തി. കരിക്കകം സ്വദേശികളായ നിസാം - നിഷയ്യ ദമ്പതികളുടെ പുത്രൻ മുഹമ്മദ് ബിലാൽ ഡോ. ബിജു പ്രഭാകറിൽ നിന്ന് അക്ഷരമധുരം നുകർന്നു. നിസാമിന്റെ മൂത്ത മകൾ ഖദീജയും രണ്ടു വർഷം മുൻപ് വിദ്യാരംഭം കുറിച്ചത് കേരളകൗമുദിയിൽ നിന്നാണ്.


ചാക്ക മുടുമ്പിൽ വീട്ടിൽ ജോസ് മോന്റെയും ലിസിയുടെയും മകൾ ജസ്‌ന ജോസിനെ ഡോ. മാർത്താണ്ഡപിള്ളയാണ് എഴുത്തിനിരുത്തിയത്. കാട്ടാക്കട ചൂണ്ടുപലക സ്വദേശി മുജീബിന്റെ മകൻ ആലിയൻ ദിയാനും തിരുവനന്തപുരം സ്വദേശി ഷാനിന്റെ മകൾ ദിയ ആൽദിനും ഷിജുവിന്റെ മകൻ ക്രിസ്റ്റിയും ശാസ്തമംഗലം പണിക്കേഴ്‌സ് ലെയ്നിൽ ആദിൽഅലിയുടെ മകൻ അലിഷാ സുൽത്താനയും കേരളകൗമുദിയുടെ വിദ്യാരംഭ ചടങ്ങിൽ അക്ഷരലോകത്തേക്ക് പിച്ചവച്ചു.കേരളകൗമുദി ചീഫ് സബ് എഡിറ്റർ അൻസാർ എസ്. രാജ് - ഷിബിന ദമ്പതികളുടെ മകൾ ഷെസ മെഹറിനും ഇന്നലെ ആദ്യക്ഷര മധുരം നുണഞ്ഞു. ഷെസയുടെ ചേട്ടൻ സുബ്ഹാനും കേരളകൗമുദിയുടെ തിരുമുറ്റത്തു നിന്നാണ് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചത്.