തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കുമെന്നായപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പാർട്ടിയെ തകർക്കാനുമാണ് രണ്ട് മുന്നണികളും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു. പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
സമീപകാല തിരഞ്ഞെടുപ്പുകളിലെ വോട്ടുനില നോക്കിയാൽ ബി.ജെ.പിക്ക് ഓരോ തിരഞ്ഞെടുപ്പിലും വോട്ട് കൂടുകയാണുണ്ടായത്. വട്ടിയൂർക്കാവിൽ ആടിനെ പട്ടിയാക്കുകയും അതിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്ന സമീപനമാണ് ഇരു പാർട്ടികളും ചേർന്ന് കൈക്കൊള്ളുന്നത്. ദുർബല സ്ഥാനാർത്ഥിയാണ് ബി.ജെ.പിയുടേതെന്ന് പ്രചരിപ്പിക്കുന്നത് അതിനാലാണ്. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റുമാരിൽ ഏറ്റവും കഴിവുറ്റവനും ചെറുപ്പക്കാരനുമായ സുരേഷിനെ ഏത് രംഗത്തും മാറ്റിനിറുത്താനാവില്ല. ബി.ഡി.ജെ.എസ് എൻ.ഡി.എയ്ക്കു വേണ്ടി ശക്തമായി പ്രചരണരംഗത്തുണ്ട്. സോണിയ ഗാന്ധിക്കെതിരായ നാഷണൽ ഹെറാൾഡ് കേസ് എത്രകാലമായി നീളുന്നു. കേസുകൾ നീട്ടി വാങ്ങുന്നതൊക്കെ സ്വാഭാവികപ്രക്രിയയാണെന്ന് ഇതുമായി ബന്ധപ്പെട്ടവർക്കെല്ലാം അറിയാവുന്നതാണ്.ലാവ്‌ലിൻകേസ് പെട്ടെന്ന് എടുക്കേണ്ടതാണെങ്കിലും അത് നീട്ടിവയ്ക്കുന്നത് ബി.ജെ.പി പറഞ്ഞിട്ടാണെന്ന് പറയുന്നതെങ്ങനെ.- ശ്രീധരൻപിള്ള ചോദിച്ചു. വട്ടിയൂർക്കാവ് ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷും പങ്കെടുത്തു.