crime

ഉള്ളൂർ: മെഡിക്കൽ കോളേജ് പഴയ റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒപ്ടിക്കൽ ഷോപ്പിലെ ജീവനക്കാരിയെ കടയുടമ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കടയിൽ വച്ച് അശ്ലീലച്ചുവയുള്ള വാക്കുകൾ പറയുകയും പീഡിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ കടയുടമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.

തിങ്കളാഴ്ച വൈകിട്ട് ഒപ്ടിക്കൽസിൽ അഞ്ചംഗ സംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തിയിരുന്നു. പാലക്കാട് സ്വദേശിനിയായ ജീവനക്കാരിയെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിൽ പ്രതിഷേധിച്ച് യുവതിയുടെ സുഹൃത്ത് കൂട്ടുകാരെയും കൂട്ടിയെത്തി ആക്രമണം നടത്തിയെന്നാണ് കടയുടമ പരാതി നൽകിയത്. മർദ്ദനത്തിൽ പരിക്കേറ്റ ഉടമ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന സി.സി.ടിവി കാമറകൾ നശിപ്പിച്ച് തെളിവുകൾ ഇല്ലാതാക്കാൻ ശ്രമം നടന്നതായും പരാതിയുണ്ട്. അതേസമയം

പീഡന വിവരം ചോദിക്കാനെത്തിയ യുവാക്കളെ കടയുടമ കൈയേറ്റം ചെയ്യുവാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് രണ്ട് കേസുകളെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്ടിക്കൽ ഷോപ്പിൽ ആക്രമണം നടത്തിയ കേസിൽ പിടിയിലായ യുവാക്കളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയ ശേഷം ചികിത്സ തേടിയ കടയുടമയുടെ അറസ്റ്റ് രാത്രി വൈകിയും രേഖപ്പെടുത്തിയിട്ടില്ല.