തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബി.ജെ.പി മുന്നോട്ടുവയ്ക്കുന്നത് വികസന അജൻഡയാണെന്നും ഒന്നര വർഷത്തേക്ക് തന്നെ പരീക്ഷിച്ചാൽ മണ്ഡലത്തിന്റെ സമഗ്രവികസനം സാദ്ധ്യമാക്കുമെന്നും ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷ് പറഞ്ഞു. പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വട്ടിയൂർക്കാവിൽ വികസനരംഗത്ത് ദുരവസ്ഥയാണ്. 42 വർഷത്തെ ചരിത്രത്തിൽ മണ്ഡലത്തെ എൽ.ഡി.എഫും യു.ഡി.എഫും തുല്യമായി പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാൽ മതിയായ ഡ്രെയിനേജ് സംവിധാനമോ കുടിവെള്ള സംവിധാനമോ സഞ്ചാരയോഗ്യമായ റോഡുകളോ പോലുമില്ലാത്ത സ്ഥിതിയാണ്. ഇതിനുത്തരവാദി ബി.ജെ.പിയല്ല. റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ അവിടെ സ്ഥലം എം.എൽ.എയ്ക്കും സംസ്ഥാനസർക്കാരിനുമെതിരെ സമരമുഖത്താണ്. നാടിന്റെ വികസനത്തിനായി ജനങ്ങൾ കക്ഷിഭേദമെന്യേ ഒരുമിച്ച് സമരം ചെയ്യുന്നത് ആദ്യമാണ്. മോദിസർക്കാരിന്റെ കാര്യശേഷി കൊണ്ട് മണ്ഡലത്തിൽ വികസനങ്ങൾ കൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസമുണ്ട്. സംസ്ഥാനസർക്കാർ ഒ. രാജഗോപാലിനെ തഴഞ്ഞ് പിന്തിരിഞ്ഞ് നിന്നപ്പോൾ നേമത്ത് അദ്ദേഹം കേന്ദ്രപദ്ധതികളിലൂടെ വികസനം സാദ്ധ്യമാക്കിയതു പോലെ ഇവിടെയും ചെയ്യും.
കഴിഞ്ഞ രണ്ട് തവണയും എൽ.ഡി.എഫ് യു.ഡി.എഫിന് വോട്ട് ചെയ്തതിനാലാണ് കുമ്മനം രാജശേഖരൻ പരാജയപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കോൺഗ്രസ് അല്ലെങ്കിൽ മഹാഗഡ്ബന്ധൻ എങ്കിലും അധികാരത്തിൽ വരുമെന്നുമുള്ള പ്രചാരണം കാരണം ജനങ്ങൾ തെറ്റിദ്ധരിച്ചത് കേരളത്തെയും ബാധിച്ചിട്ടുണ്ട്. അബദ്ധം പറ്റിയതിൽ കേരളത്തിന് പശ്ചാത്താപമുണ്ട്. അതിന് അവർ പ്രായശ്ചിത്തം ചെയ്യും. ഇവിടെ ജയിച്ച ശശി തരൂരിന് പോലും പശ്ചാത്താപമുണ്ട്. മരാമത്ത് പണികളും മറ്റും നേടിയെടുത്ത കരാറുകാർക്കും മറ്റുമായി സി.പി.എം ഇവിടെ പ്രചാരണച്ചുമതല പുറംകരാർ നൽകിയിരിക്കുകയാണെന്നും ഇത് ആപത്കരമാണെന്നും സുരേഷ് പറഞ്ഞു. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ഹാരിസ് കുറ്റിപ്പുറം അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർകമ്മിറ്റി ചെയർമാൻ അജി ബുധന്നൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ് നന്ദിയും പറഞ്ഞു.