മലശോധനക്ക് ശേഷം മലദ്വാര ഭാഗത്ത് അതിശക്തമായ വേദന കാരണം ഡോക്ടറെ സമീപിക്കുന്നവർ ഏറെയാണ്. പലപ്പോഴും ആന്തരിക പരിശോധന കൂടാതെ ഡോക്ടർ നൽകുന്ന വേദനാ സംഹാരികളും ആന്റിബയോട്ടിക്കുകളും കഴിക്കുകയോ മെഡിക്കൽ ഷോപ്പിൽ നിന്ന് എന്തെങ്കിലും മരുന്നു വാങ്ങി ഉപയോഗിക്കുകയോ ആണ് ബഹുഭൂരിപക്ഷം പേരും ചെയ്യുന്നത്. ലക്ഷണങ്ങൾ മാറാതെ നിൽക്കുമ്പോഴാണ് വിദഗ്ദ്ധ പരിശോധനയ്ക്കായി ആന്തരിക പരിശോധന നടത്തുന്നത്.
മലദ്വാരത്തിന്റെ അരികുകളിൽ ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണങ്ങൾ കാരണമാണ് ഇത്തരം വേദനയുണ്ടാകുന്നതെങ്കിൽ മലദ്വാര ഫിഷർ ആണെന്ന് അനുമാനിക്കാം. ചിലരിൽ മലത്തോടൊപ്പം വര പോലെ രക്തവും കണ്ടേക്കാം. ഈ അവസരത്തിൽ മരുന്നുപയോഗം കൊണ്ട് രോഗം മാറിയില്ലെങ്കിൽ സർജറിയായിരിക്കും നിർദ്ദേശിക്കപ്പെടുക. എന്നാൽ ബഹുഭൂരിപക്ഷം രോഗികളും സർജറി ഭയപ്പാടോടെ കാണുന്നതിനാൽ നിശബ്ദം സഹിക്കുകയാണ് പതിവ്.
സർജറി അനിവാര്യമോ?
അധികം കാലപ്പഴക്കം ചെല്ലാത്ത വ്രണങ്ങളിലും മലദ്വാരം അമിതമായി സങ്കോചിക്കാത്തവരിലും പലപ്പോഴും സർജറി കൂടാതെ തന്നെ മലദ്വാര ഫിഷർ ഭേദമാകാറുണ്ട്. എന്നാൽ കാലപ്പഴക്കം ചെന്ന വ്രണങ്ങളിലും വ്രണത്തിൽ നിന്ന് ദശ പോലുള്ള വളർച്ചയുള്ളവരിലും അമിതമായ മലദ്വാര സങ്കോചമുള്ളവരിലും സർജറി തന്നെയാണ് ചികിത്സാവിധിയായി തീരുമാനിക്കുന്നത്.
ശസ്ത്രക്രിയ ഒഴിവാക്കാൻ ആയുർവേദം
ദീർഘനാളായുള്ള മലദ്വാര ഭാഗത്തെ വേദന കാരണം മലനിയന്ത്രണ ശേഷി നൽകുന്ന വലയ പേശികൾ സങ്കോചിക്കുന്നതിനാലാണ് മലദ്വാരവും സങ്കോചിക്കുന്നത്. ഇത് കാരണം വ്രണത്തിലേക്കുള്ള രക്തചംക്രമണം കുറയുകയും വ്രണം ഉണങ്ങാതാകുകയും ചെയ്യുന്നു. ഇത്തരം അമിത സങ്കോചം പരിഹരിക്കുന്നത് ശസ്ത്രക്രിയയിലൂടെയാണെങ്കിൽ മലനിയന്ത്രണ ശേഷിക്ക് തകരാറുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. എന്നാൽ ആയുർവേദ ചികിത്സയിലെ വസ്‌തി, ഗുദവിസ്താരണം, പിചുധാരണം തുടങ്ങിയ ചികിത്സകൾ കൊണ്ട് മലദ്വാരത്തിന്റെ അമിത സങ്കോചം പരിഹരിക്കപ്പെടുകയും രക്തചംക്രമണം സാധാരണ ഗതിയിലാകുന്നതിനാൽ വേഗം തന്നെ ഫിഷർ എന്ന വ്രണം ഭേദപ്പെടുകയും രോഗശമനം ലഭിക്കുകയും ചെയ്യുന്നു. ഇതുവഴി ശസ്ത്രക്രിയയും അനുബന്ധ സങ്കീർണതകളും ഒഴിവാക്കാനാകും.