തിരുവനന്തപുരം : ബന്ദിപ്പൂരിൽ രാത്രിയാത്ര നിരോധനത്തിനെതിരെ നടക്കുന്ന സമരത്തിൽ ന്യായമുണ്ടെന്നും എന്നാൽ വന്യജീവികളുടെ സംരക്ഷണം പരിഗണിക്കപ്പെടാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി കെ. രാജു. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിജിയുടെ ജന്മവാർഷിക ദിനാചരണത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയുടെ ചോദ്യത്തിൽ നിന്നുണ്ടായ തെറ്റിദ്ധാരണയാണ് ഗാന്ധിജിയുടെ സമരമാർഗമായ സത്യാഗ്രഹത്തിലേക്ക് അവരെ നയിച്ചത്. ദേശീയപാതയിലെ യാത്ര നിരോധനത്തിൽ അവിടത്തെ ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട് - അദ്ദേഹം സൂചിപ്പിച്ചു. കാലം കഴിയുംതോറും ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി ഏറിവരികയാണ്. ഇന്ത്യ രണ്ടായി വിഭജിച്ചപ്പോൾ ഏറ്റവുമധികം വേദനിച്ച രാഷ്ട്രീയ നേതാവായിരുന്നു ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് എസ്. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി മൈക്കിൾവേദശിരോമണി, എം.എൻ. നാരായണൻ നായർ, സുബൈർ വള്ളക്കടവ്, ശിവദാസൻ നായർ, കടവൂർ ഗോപകുമാർ എന്നിവർ പങ്കെടുത്തു. ഗീവർഗീസ് യോഹന്നാൻ, എം. മുഹമ്മദ് ഷാഫി, ഷമ്മി പ്രഭാകർ, ജയേഷ് മാത്യു. വി.കെ. അബുബക്കർ, ഡോ. ലാലുജോസഫ് എന്നിവർക്ക് മഹാത്മാഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു .