1

നേമം: പച്ചത്തുരുത്ത് പദ്ധതിയ്ക്ക് വെളളായണി കായലിന്റെ പരിസരത്ത് തുടക്കമിട്ടു. ഹരിത കേരള മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. ജൈവ വൈവിദ്ധ്യ സംരക്ഷണത്തിന്റെയും തരിശു ഭൂമി പച്ച പുതപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി പദ്ധതി ലക്ഷ്യമിടുന്നു. പ്രധാന ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രദേശമായ വെളളായണി കിരീടം പാലത്തിനു സമീപമായിരുന്നു പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടന പ്രദേശമായി നിശ്ചയിക്കപ്പെട്ടത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് വരുമാനത്തിനൊപ്പം അവരുടെ സമൂഹത്തോടുളള ഉത്തരവാദിത്വം നിറവേറ്റുക എന്ന ലക്ഷ്യം കൂടി പദ്ധതിയ്ക്കുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം കല്ലിയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുന്നമൂട് പത്മകുമാർ നിർവഹിച്ചു. വാർഡ് അംഗങ്ങളായ മനോജ് കെ. നായർ, പാലപ്പൂര് ജയൻ, ചന്തു കൃഷ്ണ, പ്രദീപ്കുമാർ, സരിത, പി. രാജലക്ഷ്മി, തൊഴിലുറപ്പ് എ.ഇ. അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.