കോഴിക്കോട് ജില്ലയിലെ കൂടത്തായി എന്ന ഗ്രാമം ഇന്ന് ഏറെ അറിയപ്പെടുന്നത് അവിടെ പതിന്നാലുവർഷത്തിനിടെ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യങ്ങളിൽ മരണപ്പെട്ടതിന്റെ പേരിലാണ്. ദുരൂഹമരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചുവെന്നു സംശയിക്കുന്ന ജോളി എന്ന യുവതിയായ വീട്ടമ്മ ഉൾപ്പെടെ മൂന്നുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അപസർപ്പകകഥകളെപ്പോലും വെല്ലുന്ന രീതിയിൽ അവിശ്വസനീയമായ ഇൗ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഒാരോ മണിക്കൂറും പുതിയ വിവരങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. അപൂർവത്തിൽ അപൂർവമായ ഇൗ കേസ് കോടതിയിലെത്തുമ്പോൾ ഹാജരാക്കേണ്ട ശക്തമായ തെളിവുകൾക്കായി പൊലീസ് ഉറക്കമിളച്ച് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. പ്രധാനപ്രതിയായി കരുതുന്ന ജോളിയെ സഹായിച്ച വേറെയും ആൾക്കാരുണ്ടാകാമെന്ന നിഗമനത്തിൽ പലരിലേക്കും പൊലീസിന്റെ കണ്ണുകൾ നീണ്ടുചെല്ലുന്നുണ്ട്. അരുംകൊലകൾക്കു അരുനിന്നവരും സഹായം നൽകിയവരുമുൾപ്പെടെ പലരും ഭീതിയുടെ നിഴലിലാണ്. ശേഖരിച്ച തെളിവുകളും മൊഴികളും ചിട്ടയോടെ അടുക്കിപ്പെറുക്കണം. വിശ്വാസയോഗ്യമാം വിധം കുറ്റപത്രം തയ്യാറാക്കണം. കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യവും വസ്തുതകളും കോടതി മുൻപാകെ ബോദ്ധ്യപ്പെടുത്താൻ കഴിയണം. നിഗമനങ്ങൾക്കും ഉൗഹാപോഹങ്ങൾക്കും നീതിപീഠത്തിനു മുമ്പിൽ ഒരു സ്ഥാനവുമില്ലാത്തതിനാൽ ഏറെ കരുതലോടെ വേണം കുറ്റപത്രം തയ്യാറാക്കാൻ.
അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിൽ കഴിയുന്ന ജോളിയെ ചുറ്റിപ്പറ്റി വന്നുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്കും കഥകൾക്കും വിശ്വാസ്യത പകരും വിധത്തിലാണ് സംഭവപരമ്പരകൾ . ദീർഘമായ പതിന്നാലുവർഷം ആരോരുമറിയാതെ കൊലപാതകങ്ങൾ മറച്ചുപിടിക്കുന്നതിൽ ജോളി അങ്ങേയറ്റം വിജയിച്ചുവെങ്കിൽ അതിനു പിന്നിൽ പലരുടെയും സഹായഹസ്തങ്ങൾ ഉണ്ടാവുകതന്നെ ചെയ്യും. ഭർത്താവ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. റോയിയുടെ പിതാവും മാതാവും മറ്റു ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർകൂടി സമാന സാഹചര്യങ്ങളിൽ മരിച്ചതാണ് എല്ലാറ്റിനും പിന്നിൽ ജോളിയുടെ ബുദ്ധിയും കരങ്ങളുമുണ്ടെന്നു സംശയിക്കാൻ കാരണം. റോയിയുടെ പോസ്റ്റുമോർട്ടത്തിൽ സയനൈഡ് ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായി എഴുതി വച്ചിരുന്നു. എന്നാൽ അസ്വാഭാവിക മരണമെന്ന നിലയിൽ തുടരന്വേഷണത്തിന് ലോക്കൽ പൊലീസ് ഒരു താത്പര്യവും കാണിച്ചില്ല. ഞെട്ടിപ്പിക്കുന്ന ഇൗ വിവരം ഇപ്പോഴാണ് വെളിച്ചത്താകുന്നത്. പൊലീസ് അന്വേഷിക്കാതിരുന്നതിന് പിന്നിലും കാണും കാരണങ്ങൾ.
സ്വാധീനവും കോഴയും മറ്റു രീതിയിലുള്ള പ്രലോഭനങ്ങളുമൊക്കെ ഇത്തരം കേസുകളുടെ കൂടെത്തന്നെ ഉള്ളതാണല്ലോ. 2011 സെപ്തംബർ 30 നാണ് റോയ് തോമസ് ദുരൂഹസാഹചര്യത്തിൽ പിടഞ്ഞുവീണ് മരിക്കുന്നത്. പരമ്പരയിലെ ആദ്യ മരണമാകട്ടെ 2002 -ലാണ് നടക്കുന്നത്. റോയി തോമസിന്റെ മരണകാരണം ഉള്ളിൽ കടന്നുകൂടിയ സയനൈഡ് ആണെന്നു സൂചന ലഭിച്ചിട്ടും അന്വേഷണവുമായി മുന്നോട്ടു പോകാൻ പൊലീസ് തയ്യാറാകാതിരുന്നതാണ് പിന്നീട് മൂന്ന് കൊലപാതകങ്ങൾക്കു കൂടി വഴിയൊരുക്കിയത്. അതുകൊണ്ടുതന്നെ കൂടത്തായി കൊലപാതക പരമ്പരയിൽ പൊലീസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച സകല മറയും നീക്കി പുറത്തു വന്നിരിക്കുകയാണ്. കേസന്വേഷണത്തിലും കുറ്റവാളികളെ പിടികൂടുന്നതിലും അതിപ്രഗല്ഭരെന്ന് പരക്കെ പ്രശംസ നേടാറുള്ള കേരള പൊലീസിൽ നിന്ന് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചത് അവിശ്വസനീയമായി തോന്നാം. എന്നാൽ പൊലീസിലും കാണും മിടുക്കന്മാരും ഒട്ടുംതന്നെ മിടുക്കില്ലാത്തവരും എന്ന് സമാധാനിക്കുകയേ ഇനി വഴിയുള്ളൂ. ചുമതലാബോധം ലേശവുമില്ലാതെ റോയി തോമസിന്റെ ദുരൂഹമരണത്തിന് നേരെ അന്ന് കണ്ണടച്ച സ്ഥലം സബ് ഇൻസ്പെക്ടറെ ഇപ്പോൾ വിളിച്ചുവരുത്തി മൊഴിയെടുത്തതായി വാർത്തയുണ്ടായിരുന്നു. സംശയ നിഴലിലായവരുടെ പട്ടികയിൽ ഇൗ ഉദ്യോഗസ്ഥനുമുണ്ടത്രേ. വർഷങ്ങൾക്കു മുൻപ് സംഭവിച്ച വീഴ്ച തിരുത്താൻ പൊലീസിന് ലഭിച്ച കനകാവസരമാണിത്. വർഷങ്ങൾക്കു മുൻപ് പിണഞ്ഞ പിഴവിന് പൊലീസ് തന്നെ കുറ്റമറ്റ അന്വേഷണത്തിലൂടെ പരിഹാരമുണ്ടാക്കി എന്നതാണ് കൂടത്തായി കൂട്ടക്കൊലപാതക കേസിനെ ശ്രദ്ധേയമാക്കുന്നത്. കുടുംബത്തിലെ ആറുപേരുടെ മരണത്തിലെ സമാന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പുതിയ അന്വേഷണം വേണമെന്ന് ബന്ധുക്കൾ തന്നെയാണ് ആവശ്യപ്പെട്ടത്. പുറംലോകം അറിയാതെ അതീവ രഹസ്യമായി അന്വേഷണം നടത്തി പ്രതികളിലെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. ഇരുനൂറോളം പേരിൽ നിന്നു മൊഴി ശേഖരിച്ചാണ് അന്വേഷണ സംഘം കൃത്യമായി പ്രതികളിലേക്കെത്തുന്നത്. അന്വേഷണ വിവരങ്ങൾ ചോർന്നു പോകാതെ സൂക്ഷിക്കുന്നതിൽ കാണിച്ച വൈഭവം എടുത്തു പറയേണ്ടതു തന്നെയാണ്. അന്വേഷണ സംഘത്തിലെ മുഴുവൻ അംഗങ്ങളും അഭിനന്ദനമർഹിക്കുന്നു.
പവിത്രമെന്നു സമൂഹം കരുതുന്ന എല്ലാ സങ്കല്പങ്ങളെയും നിരാകരിക്കുന്നതാണ് ജോളി എന്ന യുവതിയുടെ മനോനില. സ്വത്തിനു വേണ്ടി മാത്രമായിരുന്നില്ല ഇൗ കൂട്ടക്കശാപ്പ് എന്ന് സൂചനകളുണ്ട്. അസാധാരണമാം വിധം ക്രൂരസ്വഭാവമുള്ള വികല മനസുകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന പൈശാചിക പ്രവൃത്തിയാണ് നടന്നിരിക്കുന്നത്. സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച ഇൗ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ഒന്നടങ്കം നിയമം അനുശാസിക്കുന്ന ഏറ്റവും കഠിന ശിക്ഷയ്ക്ക് സർവഥാ അർഹരാണ്. അവർക്ക് ആ ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊലീസിന് കഴിയണം.