koratty-panchayath

തിരുവനന്തപുരം: പരസ്യ പ്രചരണത്തിന് ഇനി 11 നാൾ മാത്രം ശേഷിക്കെ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പോരാട്ടം ഉച്ചസ്ഥായിയിലായി. പ്രചരണത്തിന്റെ രണ്ടാം ഘട്ടം കൊഴുപ്പിക്കാൻ മൂന്ന് മുന്നണികളുടെയും മുൻനിര നേതാക്കൾ രംഗത്തുണ്ട്. കുടുംബയോഗങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രചരണം മുന്നേറുന്നത്. .

മന്ത്രിമാർ നേരിട്ടാണ് ഇടതുമുന്നണിക്കായി വിവിധ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്കും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങൾക്കും മണ്ഡലങ്ങളുടെ ചുമതലകൾ വിഭജിച്ച് നൽകിയിട്ടുണ്ട്.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എല്ലായിടത്തും ഒാടിയെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസങ്ങളിൽ പ്രചരണത്തിനിറങ്ങും.കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ് പ്രചരണത്തിന്റെ മേൽനോട്ടം . ഓരോ മണ്ഡലത്തിനും കെ.പി.സി.സി ഭാരവാഹികൾക്കാണ് ചുമതല .വിദേശ ചികിത്സ കഴിഞ്ഞെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉടനെ പ്രചരണത്തിൽ സജീവമാകും. ബി.ജെ.പിക്ക് വേണ്ടി കേന്ദ്രമന്ത്രി വി. മുരളീധരൻ സജീവമായി രംഗത്തുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള മേൽനോട്ടച്ചുമതല വഹിക്കുന്നു. . കുമ്മനം രാജശേഖരനടക്കമുള്ള മുൻനിര നേതാക്കളും സജീവമാണ്. സംസ്ഥാന ഭാരവാഹികൾക്ക് ചുമതലകൾ വിഭജിച്ചു നൽകിയിട്ടുണ്ട്.

തുടക്കത്തിൽ വോട്ടുകച്ചവടമെന്ന ആരോപണമുയർത്തിയാണ് ഇടതു, വലത് മുന്നണികൾ കളം കൊഴുപ്പിച്ചതെങ്കിൽ ശബരിമല അടക്കമുള്ള വിഷയങ്ങളിലേക്ക് പ്രചരണം വഴിമാറി. കിഫ്ബി ഓഡിറ്റ് വിവാദം സർക്കാരിനെതിരെ യു.ഡി.എഫ് ആയുധമാക്കുമ്പോൾ, സർക്കാരിന്റെ വികസനനേട്ടങ്ങളുയർത്തിയാണ് എൽ.ഡി.എഫിന്റെ പ്രതിരോധം. അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് സർക്കാരിനെന്ന് സ്ഥാപിക്കാൻ യു.ഡി.എഫ് കാലത്തെ പാലാരിവട്ടം പാലം അഴിമതിക്കേസും ഉയർത്തിക്കാട്ടുന്നു. . കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പറയുന്നതിനൊപ്പം, കേരളത്തിൽ ഇടത്, വലത് മുന്നണികൾ ഒത്തുകളിച്ച് ബി.ജെ.പിയെ തകർക്കാൻ നോക്കുകയാണെന്ന് ആരോപിക്കുകയുമാണ് ബി.ജെ.പി. കോന്നിയിൽ കെ. സുരേന്ദ്രൻ സ്ഥാനാർത്ഥിയായെത്തിയതോടെ, അഞ്ചിൽ ഏറ്റവും ശ്രദ്ധിക്കുന്ന മണ്ഡലം കോന്നിയായി ..

അതേസമയം, ആർ.എസ്.എസ് അത്ര സജീവമല്ലാത്തത് ബി.ജെ.പി ക്യാമ്പുകളിൽ ചർച്ചാവിഷയമായി. വിജയദശമിയോടനുബന്ധിച്ച പഥസഞ്ചലനത്തിന്റെ തിരക്കിലായതിനാലാണ് ഇതെന്നാണ് ആർ.എസ്.എസ് വൃത്തങ്ങളുടെ വിശദീകരണം. വരും ദിവസങ്ങളിൽ ആർ.എസ്.എസ് പ്രചരണത്തിനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കേന്ദ്രങ്ങൾ .