park

കിളിമാനൂർ: കുട്ടികളുടെ മാനസിക ശാരീരികോല്ലാസത്തിനായി ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് കാട്കയറിക്കിടക്കുന്നു.ഇതോടെ സ്ഥലത്ത് ഇഴജന്തുക്കളും മദ്യപന്മാരും താവളമടിച്ചു.ഇങ്ങനൊരു പാർക്ക് യഥാർത്ഥത്തിൽ കിളിമാനൂരുകാരുടെ ചിരകാലാഭിലാഷമായിരുന്നു.പക്ഷേ സ്വപ്നം യാഥാർത്ഥ്യമായില്ല എന്നതാണ് സത്യം.പഴയകുന്നുമ്മൽ പഞ്ചായത്തിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമുള്ള ചിൽഡ്രൻസ് പാർക്കിന്റെ അവസ്ഥയാണിത്.കളിക്കോപ്പുകളിൽ തുരുമ്പ് കയറി.കുട്ടികൾ പോയിട്ട് മുതിർന്നവർ പോലും ഇങ്ങോട്ടേക്ക് വരാതായി ഫലത്തിൽ സ്ഥലം

സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുകയല്ലാതെ സംരക്ഷിക്കുന്ന പതിവില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. ലക്ഷങ്ങൾ മുടക്കി പണിത ഈ പാർക്ക് പൊളിച്ച് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തുള്ള പാർക്കിംഗ് ഏരിയ വികസിപ്പിക്കാൻ പദ്ധതിയുണ്ടന്നാണ് സംസാരം. കുട്ടികൾക്കായി മറ്റു പാർക്കുകളോ കളി സ്ഥലങ്ങളോ ഇല്ലാത്ത ഇവിടത്തെ ഈ പാർക്കു പൊളിച്ചു മാറ്റാതെ നിലവിലുള്ള കളിക്കോപ്പുകളും, പാർക്കും നവീകരിച്ച് കുട്ടികൾക്കായി നൽകണമെന്നതാണ് കിളിമാനൂരുകാരുടെ ആവശ്യം.

മാലിന്യവും പാർക്കിൽത്തന്നെ

ആരും തിരിയാത്ത പാർക്കിലേക്ക് മാലിന്യങ്ങളും എത്തിനോക്കിത്തുടങ്ങി. എത്തിനോക്കുക മാത്രമല്ല, പാർക്ക് കീഴടക്കുകയും ചെയ്തു. രാത്രിയിലെത്തുന്നവർ മാലിന്യങ്ങൾ പാർക്കിൽ നിക്ഷേപിച്ചു മടങ്ങുകയാണ്.വെളിച്ചമില്ലാത്തത് ഇവർക്ക് രക്ഷയാകുകയാണ്.തൊട്ടടുത്തു കൂടിയൊഴുകുന്ന ചെറുതോട് മാലിന്യനിക്ഷേപം കാരണം ക്ഷയിച്ചാണ് ഒഴുകുന്നത്. വശങ്ങളാകെ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്.

കളിസ്ഥലമോ, പാർക്കുകളോ കിളിമാനൂരോ പരിസര പ്രദേശങ്ങളിലോ ഇല്ലാതിരുന്ന സമയത്ത് ഇങ്ങനെയൊരു ചിൽഡ്രൻസ് പാർക്ക് ഇവിടെ വന്നേപ്പോൾ കുട്ടികളും മുതിർന്നവരും ഒരു പോലെ സന്തോഷിച്ചിരുന്നു. വൈകുന്നേരങ്ങളിലും, അവധി ദിവസങ്ങളിലും കിളിമാനൂർ ജംഗ്ഷനിൽ വിവിധ ആവശ്യങ്ങൾക്ക് കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾക്ക് അല്പ സമയം വിനോദത്തിനും സമയം പോക്കിനും വന്നിരിക്കാവുന്ന ഒരിടമായിരുന്നു ഇത്. അതാണ് അധികൃതരുടെ അവഗണന മൂലം നശിക്കുന്നത്.

ഈ ഫണ്ടുകൾ ആർക്ക് വേണ്ടി

2014-15 --

ലോക ബാങ്ക് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കി പാർക്ക് നിർമ്മിച്ചു

പഞ്ചായത്ത് 3 ലക്ഷം രൂപ മുടക്കി നവീകരിച്ചു

ആരും തിരിഞ്ഞ് നോക്കാതെ കാട് കയറി

നിലവിൽ കാടുപിടിച്ചു കിടക്കുന്ന പാർക്ക് വൃത്തിയാക്കും, ഇത് പൊളിച്ച് ഉടൻ മറ്റു പദ്ധതികൾ നടപ്പിലാക്കില്ല.(കെ.രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്).