rakhthdanam

വിതുര: വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ രക്തദാനം പ്രോത്സാഹിപ്പിക്കാനായി നടന്നുവരുന്ന പദ്ധതികളുടെ ഭാഗമായ ഗൃഹ സമ്പർക്ക പരിപാടിക്ക് തുടക്കമായി. രക്തദാനത്തിന്റെ നല്ല വശങ്ങൾ ഉൾക്കൊള്ളിച്ച് കേഡറ്റുകൾ തയ്യാറാക്കിയ ബോധവത്കരണ കാർഡിന്റെ ആദ്യ കോപ്പി തിരുവനന്തപുരം റൂറൽ എ.ഡി.എൻ.ഒ അനിൽ കുമാറിന് നൽകി സീനിയർ അസിസ്റ്റന്റ് പ്രേംജിത്ത് .പി.സി ഭവന സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ.എസ്.ഷീജ, മറിയാമ്മാ ചാക്കോ, ഹെഡ്മിസ്ട്രസ് ജോതിഷ് ജലൻ, പി.ടി.എ പ്രസിഡന്റ് കണ്ണങ്കര ഭുവനചന്ദ്രൻ, കമ്മ്യൂണിറ്റി പൊലീസ് ഒാഫീസർ അൻവർ എന്നിവർ പങ്കെടുത്തു. എട്ട്,​ ഒമ്പത്,​ 10 ക്ലാസുകളിലെ കേഡറ്റുകൾ പത്തിനകം ആയിരം വീടുകൾ സന്ദർശിച്ച് രക്തദാനത്തിന്റെ മഹത്വം ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. ഒക്ടോബർ ഒന്ന് മുതൽ 10 വരെ നടക്കുന്ന "രക്തദാനം മഹാദാനം" കാമ്പെയിനിന്റെ ഭാഗമായി കേഡറ്റുകൾക്ക് രക്ത ഗ്രൂപ്പ് നിർണയ പരിശീലനവും നൽകിയിരുന്നു.