ആറ്റിങ്ങൽ: തിരക്കുപിടിച്ച ആറ്റിങ്ങൽ നഗരത്തിൽ അപകടങ്ങൾ വരുത്തിവയ്ക്കുന്നതിൽ കൂടുതലും സ്വകാര്യ ബസുകളാണെന്ന് പഠനങ്ങൾ.സ്വകാര്യ ബസ് കയറി മത്സ്യത്തൊഴിലാളി ഉൾപ്പെടെ മരിക്കാനിടയായതും സ്റ്റാൻഡിൽ ബസിടിച്ച് യാത്രക്കാരൻ മരിച്ചതുമൊന്നും നാട്ടുകാർ മറന്നിട്ടില്ല. സ്വകാര്യ ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിച്ച് ഗതാഗത പ്രശ്നങ്ങളും അപകടങ്ങളും കുറയ്ക്കുമെന്ന അധികൃതരുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കം. കൂടാതെ ഭൂമാഫിയകൾ മാമത്തെ സ്വകാര്യ ബസ് സ്റ്റാൻഡ് കൈക്കലാക്കാൻ നീക്കവും നടത്തുന്നതിനാൽ മാറ്റം നടക്കുന്ന ലക്ഷണവുമില്ല.
രണ്ടും മൂന്നും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ബസുകളുടെ ഷെഡ്യൂളുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമയത്ത് ഓടിയെത്തേണ്ടി വരുന്നതിനാൽ തിരക്കു കൂട്ടുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ്. സമയ ക്രമം ചിട്ടപ്പെടുത്തുന്നതിൽ ആർ.ടി.ഒ അധികൃതർ കാട്ടുന്ന അനാസ്ഥയും അപകടങ്ങൾ വർദ്ധിപ്പിക്കുകയാണ്.സ്റ്റാൻഡിൽപോലും ഒട്ടും ചിട്ടയല്ലാത്ത രീതിയിലാണ് ബസുകൾ നിറുത്തുന്നത്.കൂടാതെ ബസുകൾ ദേശീയ പാത മുറിച്ച് കയറുന്നതും പാലസ് റോഡിലേക്കിറങ്ങുന്നതുമെല്ലാം ഗതാഗതം താറുമാറാക്കുന്നു.
സ്വകാര്യ ബസ് സ്റ്റാൻഡ് ലേലം ചെയ്യുന്ന ഇനത്തിൽ നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപയാണ് വരുമാനം ലഭിക്കുന്നത്. സ്റ്റാൻഡ് വികസനമെന്ന പേരിൽ അടുത്തിടെ നടത്തിയത് ടോയ്ലെറ്റ് നിർമ്മിക്കൽ മാത്രമാണ്.
ലക്ഷക്കണക്കിന് രൂപ മുടക്കി മാമത്ത് സ്വകാര്യ സ്റ്റാൻഡിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ട് ഒരു വ്യാഴവട്ടം കടന്നു. ഇവിടെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന ബോർഡും വച്ചിട്ടുണ്ട്. മാമത്തേയ്ക്ക് മാറ്റിയാൽ ആറ്റിങ്ങലിലെ ഗതാഗതക്കുരുക്ക് പകുതി കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബസ് സ്റ്റാൻഡിനായി തയ്യാറാക്കിയ ഭൂമി സംബന്ധിച്ച് ചിലർ അവകാശവാദം ഉന്നയിച്ച് കേസു കൊടുത്തത് പ്രശ്നമായെന്ന് അധികൃതർ പറയുന്നു. കോടതി നഗരസഭയ്ക്ക് എതിരേ വിധി പ്രഖ്യാപിച്ചതും സ്വകാര്യ ബസ് സ്റ്റാൻഡിന് തിരിച്ചടിയായി. ഇതിനെതിരേ കേസുമായി മുന്നോട്ടുപോകുകയാണ് നഗരസഭ.
ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഇന്ന് സർവ്വീസ് നടത്തുന്നത് ഇരുന്നൂറിലേറെ ബസുകളാണ്.
സ്റ്റാൻഡ് നിർമ്മിച്ചത് 12 ബസുകൾക്ക്
ഇപ്പോൾ ഓടുന്നത് 200 ബസുകൾ
ഞങ്ങൾക്കും ചിലത് പറയാനുണ്ട്
ആറ്റിങ്ങൽ ,വർക്കല, കിളിമാനൂർ മേഖലയിലേയ്ക്കാണ് ആറ്റിങ്ങൽ കേന്ദ്രീകരിച്ച് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. രണ്ടു മിനിട്ട്, മൂന്നു മിനിട്ട് ഇടവിട്ടാണ് ആർ.ടി.ഒ പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ആറ്റിങ്ങലിലെ ട്രാഫിക് കാരണം ഓടിയെത്താൻ കഴിയാത്ത അവസ്ഥയാണ്. അങ്ങനെ വരുമ്പോൾ സമയ ക്രമം തെറ്റി സ്റ്റാൻഡിൽ എത്തുന്ന ബസുകൾ അടുത്ത ഷെഡ്യൂൾ വരെ കാത്തു കിടക്കണം. കൂടാതെ ഇപ്പോൾ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകൾക്ക് കളക്ഷനും കുറഞ്ഞു.ഡീസൽ വിലയും സ്പെയർ പാർട്സ് വില വർദ്ധനവും സ്വകാര്യ ബസ് സർവീസ് ഏറെ നഷ്ടത്തിലാക്കി. ഈ സർക്കാർ വന്നിട്ട് ഒരു പ്രാവശ്യമാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. വിദ്യാർത്ഥികളുടേതടക്കം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച്, പ്രശ്നങ്ങൾ പരമാവധി കുറച്ച് സർവീസ് നടത്താൻ സൗകര്യം ഉണ്ടാക്കിത്തന്നാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
സാബു ജനത, സെക്രട്ടറി, ബസ് ഓണേഴ്സ് അസോസിയേഷൻ, തിരുവനന്തപുരം ജില്ല.