പാറശാല: പാറശാല കലാക്ഷേത്രയുടെ സംസ്ഥാനതല മത്സര നാടകോത്സവമായ ' അരങ്ങ് 2019 ' പാറശാല സ്വാതി കല്യാണമണ്ഡപത്തിൽ ആരംഭിച്ചു. 12 ന് സമാപിക്കുന്ന ഏഴ് ദിവസത്തെ നാടകോത്സവത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. പാറശാലയിലെ വിശിഷ്ട വ്യക്തികളുടെ അനുസ്‌മരണാർത്ഥം എല്ലാ ദിവസവും വൈകിട്ട് 5 ന് നടക്കുന്ന സാംസ്കാരിക സന്ധ്യകളിൽ പ്രമുഖർ പങ്കെടുക്കും. തുടർന്ന് 7 മുതൽ നാടകവും നടക്കും. സഫറുള്ളഖാന്റെ അനുസ്‌മരണാർത്ഥം ഇന്ന് നടക്കുന്ന സാംസ്കാരിക സന്ധ്യ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ മുഖ്യാതിഥിയാകും. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വിജയകുമാറിന്റെ അനുസ്‌മരണാർത്ഥം നാളെ നടക്കുന്ന സാംസ്കാരിക സന്ധ്യ കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. മുൻ എം.എൽ.എ ആർ.സെൽവരാജ് അദ്ധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമരസേനാനി കെ.എം.സുന്ദരേശൻ തമ്പിയുടെ അനുസ്‌മരണാർത്ഥം 11 ന് നടക്കുന്ന സാംസ്കാരിക സന്ധ്യ കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സിനിമാതാരം ശാലുമേനോൻ മുഖ്യാതിഥിയായിരിക്കും. സ്വാതന്ത്ര്യ സമരസേനാനി ചെല്ലക്കണ്ണ് നാടാരുടെ അനുസ്‌മരണാർത്ഥം 12 ന് നടക്കുന്ന സാംസ്കാരിക സന്ധ്യ പാലോട് രവി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സിനിമാ സീരിയൽ താരം വഞ്ചിയൂർ പ്രവീൺകുമാർ മുഖ്യാതിഥിയാകും.