ആറ്റിങ്ങൽ: ഓണ നാളിൽ വീടുകയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഊരുപൊയ്ക മങ്ങട്ടുവിള കോളനിയിൽ തുളസി ഭവനിൽ വിപിൻ (28) ആണ് അറസ്റ്റിലായത്.ഊരുപൊയ്ക തറട്ടവിള വീട്ടിൽ അജീഷിനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി മാരകമായി മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. ആറ്റിങ്ങൽ, മംഗലപുരം, ശ്രീകാര്യം സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് കുഞ്ഞാട് എന്ന് വിളിക്കുന്ന വിപിൻ. ആറ്റിങ്ങൽ ഡിവൈ.എസ്.പി യുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ സി.ഐ വി.വി. ദിപിൻ, എസ്.ഐ ബി.എം. ഷാഫി, എസ്.സി.പി ഒ. ജയൻ, അജിത് കുമാർ, സി.പി.ഒമാരായ ലിബിൻ, സിയാദ്, ഷിജു, ശ്യാം, അജികുമാർ, ഇന്ദ്രജിത്ത്, നിധിൻ എന്നിവരുൾപ്പെട്ട സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.