വെള്ളറട: സ്റ്റേഡിയ നിർമ്മാണത്തിന് ബഡ്ജറ്റിൽ തുക കൊള്ളിച്ചിട്ടുണ്ട്. എന്നാൽ പഞ്ചായത്ത് വക സ്റ്റേഡിയം നിർമ്മാണം മാത്രം എങ്ങുമെത്തിയിട്ടില്ല. ഇതോടെ കായിക പ്രേമികൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഗ്രാമപഞ്ചായത്ത് ആറാട്ടുകുഴിയിൽ സ്റ്റേഡിയം നിർമ്മിക്കാനായി വാങ്ങിയ സ്ഥലം ആർക്കും വേണ്ടാതെ കാടുകയറി നശിക്കുകയാണ്. സെന്റിന് ആൻപതിനായിരം രൂപ നൽകിയാണ് സ്ഥലം വാങ്ങിയത്. എന്നാൽ സ്റ്റേഡിയം നിർമ്മിക്കാൻ വാങ്ങിയ സ്ഥലത്ത് മെയിൻ റോഡിൽ നിന്നും വാഹനം പോകുന്നതിനുള്ള സൗകര്യംപോലും ഇല്ലെന്നും ആരോപണമുണ്ട്. എന്നാൽ പരാതികൾ ഉയർന്നതോടെ റോഡ് നിർമ്മാണം തുടങ്ങി. ഇതോടെ പ്രശ്നങ്ങളും തുടങ്ങി. റോഡ് നിർമ്മാണത്തിനെതിരെ സമീപവാസികൾ പരാതിയുമായി എത്തിയതോടെ റോഡ് നിർമ്മാണം പാതിവഴിയിലായി. ഇതോടെ റോഡില്ലാതെ എങ്ങനെ സ്റ്റേഡിയം നിർമ്മിക്കുമെന്നതാണ് നിലവിലെ പ്രശ്നം.