വക്കം: കീഴാറ്റിങ്ങൽ റൂറൽ സഹകരണ സംഘത്തിന്റെ ഏലാപ്പുറത്തെ പ്രധാന ഓഫീസിൽ മോഷണശ്രമം. തിങ്കളാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. സംഘത്തിന്റെ മുൻവശത്തെ ഷട്ടറിന്റെ രണ്ടിടത്ത് ഗ്യാസ് കട്ടർ കൊണ്ട് മുറിച്ചതായി കണ്ടെത്തി. ആദ്യം മുറിച്ച സ്ഥലത്ത് കൂടി മോഷ്ടാക്കൾക്ക് അകത്തുകടക്കാൻ കതക് തടസമായതിനെ തുടർന്നാണ് മറ്റൊരിടത്ത് കൂടി ഷട്ടർ മുറിച്ചത്. ശബ്ദം കേൾക്കുന്നതായി തോന്നിയ സമീപവാസി പ്രകാശ് വീടിന്റെ മുൻവശത്തെ ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ അതുവഴിപോയ ആട്ടോക്കാരനാണ് ബാങ്കിന്റെ ഷട്ടർ തകർന്നതായി കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാരെയും സംഘം അധികാരികളെയും വിവരം അറിയിച്ചു. തുടർന്ന് സംഘം പ്രസിഡന്റ് രാജശേഖരൻ നായരും സെക്രട്ടറിയും കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആറ്റിങ്ങൽ സി.ഐയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി 12.57ന് ശേഷം സംഘത്തിന് മുന്നിലെ സി.സി ടിവി കാമറ മുകളിലേക്ക് തിരിച്ച നിലയിലാണ്. ശനിയാഴ്ച ഉച്ചയോടെ അപരിചിതരായ രണ്ട്പേർ രണ്ടുതവണ സംഘത്തിലെത്തി ചില്ലറ വാങ്ങിയതായി ജീവനക്കാർ പറയുന്നു. ഇവരെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം.