നെടുമങ്ങാട്: വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷര മധുരം നുണഞ്ഞു. അരിമണികളിൽ ഹരിഃശ്രീ കുറിച്ചും നാവിൽ അറിവിന്റെ അമൃത് പകർന്നും പ്രമുഖർ ഗുരുസ്ഥാനീയരായി. ചടങ്ങുകൾക്ക് മുന്നോടിയായി വിശേഷാൽ വിദ്യാരാഞ്ജി മന്ത്രാർച്ചന, സാരസ്വതാരിഷ്ടം വിതരണം, വിദ്യാമന്ത്രപൂജ, സരസ്വതി പുഷ്‌പാഞ്‌ജലി എന്നിവ നടന്നു. നെടുമങ്ങാട് കോയിക്കൽ മഹാദേവ ക്ഷേത്രത്തിൽ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് രാജപ്പൻ നായർ, റിട്ട.ഹെഡ്മിസ്ട്രസ് കെ.പി. ലത, ഉഴമലയ്ക്കൽ ശ്രീലക്ഷ്മിമംഗലം ദേവീക്ഷേത്രത്തിൽ മേൽശാന്തി ചേർത്തല എസ്. സിബീഷ് ശാന്തി, മുണ്ടേല വലിയതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി ജി. മാധവൻ പോറ്റി, ആനാട് പെരിങ്ങാവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മധുകുമാര ശർമ്മ, മേലാങ്കോട് ദേവി ക്ഷേത്രത്തിൽ ഔവർ കോളേജ് പ്രിൻസിപ്പൽ ആർ. അച്യുതൻ നായർ, ആനാട് പാറയ്ക്കൽ മണ്ഡപം ദേവീക്ഷേത്രത്തിൽ റിട്ട.ഹെഡ്മാസ്റ്റർ കെ.പി. ഗിരികുമാർ എന്നിവർ മുഖ്യ ആചാര്യന്മാരായി. നെടുമങ്ങാട് മുത്താരമ്മൻ ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, പരുത്തിക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രം, ഇര്യനാട് കുണ്ടറക്കുഴി ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രം, ചുള്ളിമാനൂർ ചെറുവേലി ശ്രീപൊൻകുഴി മാടൻതമ്പുരാൻ ക്ഷേത്രം, പഴകുറ്റി നഗരിക്കുന്നു തെക്കതുവിള ദേവി ക്ഷേത്രം, കരിമ്പിക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം, ഇരിഞ്ചയം കുഴിവിള ശ്രീദുർഗാഭദ്രകാളി ക്ഷേത്രം,പനയമുട്ടം ശ്രീആയിരവില്ലി ക്ഷേത്രം എന്നിവിടങ്ങളിലും കുരുന്നുകളെ എഴുത്തിനിരുത്താൻ വൻ തിരക്കനുഭവപ്പെട്ടു.