കിളിമാനൂർ: യാതൊരു സുരക്ഷാ മാർഗവുമില്ലാത്ത ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു.
കാൽ നടയാത്രക്കാർക്കും, കുട്ടികൾക്കും അപകട ഭീഷണിയായിട്ടാണ് ട്രാൻസ്ഫോർമർ നിൽക്കുന്നത്.
നഗരൂർ ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ചെങ്കിക്കുന്ന്- പൊയ്യക്കട റൂട്ടിൽ കണ്ണമത്ത് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറാണ് അപകട ഭീഷണിയാകുന്നത്.റോഡരികിൽ ടാറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറിന് സുരക്ഷാ വേലിയോ മറ്റു സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ല.
വളരെ അലക്ഷ്യമായാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത് .കമ്പി വേലികളില്ലാത്തതും റോഡിനരികിൽ നിൽക്കുന്നതു കൊണ്ടും കുട്ടികൾ അപകടത്തിൽ പെടാൻ സാദ്ധ്യതയുണ്ട്.
ഫ്യൂസുകൾ അടയ്ക്കാതെ ഇട്ടിരിക്കുന്നതിനാൽ പ്രദേശവാസികൾക്ക് പേടിയാണ്.ലക്ഷം വീട് പ്രദേശത്തെ കുട്ടികൾ കളിക്കുന്നതും ഇതിന് സമീപത്താണ്. നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ മൗനത്തിലാണന്ന് നാട്ടുകാർ പറയുന്നു.അടിയന്തരമായി ഇവിടെ കമ്പിവേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.