1

തിരുവനന്തപുരം: മനുഷ്യരും വന്യജീവികളുമായുള്ള സംഘർഷം ഒഴിവാക്കാൻ മികച്ച ബോധവത്കരണം ആവശ്യമാണെന്നും അത് സ്‌കൂളുകളിൽനിന്ന് ആരംഭിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആനകളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ താൽപര്യം പ്രത്യേക പരാമർശമർഹിക്കുന്നതായും ഗവർണർ പറഞ്ഞു.

സംസ്ഥാന വനം വന്യജീവിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വനം വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കെ രാജു അദ്ധ്യക്ഷനായി. വനം വന്യജീവി പരിസ്ഥിതി മാസിക അരണ്യത്തിന്റെ പ്രത്യേക പതിപ്പ് ഗവർണർ മന്ത്രി കെ രാജുവിന് നൽകി പ്രകാശനം ചെയ്തു. വന്യജിവി ഫോട്ടോഗ്രഫി, പോസ്റ്റർ ഡിസൈനിംഗ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഗവർണർ നിർവഹിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ്) ദേവേന്ദ്രകുമാർ വർമ സംസാരിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്‌സ് പി. കെ. കേശവൻ സ്വാഗതവും ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ നന്ദിയും പറഞ്ഞു.