പാലോട്: സ്ഥലം ലഭ്യമാക്കിയിട്ടും പാലോട് കേന്ദ്രമായി ഫയർ സ്റ്റേഷൻ ആരംഭിക്കാനുള്ള നടപടികൾ കടലാസിൽ. എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ അരയേക്കർ സ്ഥലം അളന്നു ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന് കൈമാറി മൂന്ന് വർഷമായി. എന്നിട്ടും തസ്തികകൾ അനുവദിക്കാനുള്ള നടപടികൾ ഇപ്പോഴും ഒച്ചിഴയും വേഗത്തിലാണ്. പാലോട് സർക്കാർ ആശുപത്രിയുടെ സമീപത്ത് ഫയർ സ്റ്റേഷന് വേണ്ടി കണ്ടെത്തിയ സ്ഥലം അന്യാധീനപ്പെടലിന്റെ വക്കിലാണിപ്പോൾ. 2015 ജൂൺ 20 ന് ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച നടപടികളാണ് ഇഴയുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ മാത്രമേ ഫയർസ്റ്റേഷൻ തുടങ്ങാൻ കഴിയൂവെന്നായിരുന്നു ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നിലപാട്. ഇതേത്തുടർന്ന് അഡ്വ. ഡി.കെ. മുരളി എം.എൽ.എ മുൻകൈയെടുത്താണ് സ്ഥലം ലഭ്യമാക്കിയത്.

ജില്ലയിലെ പടക്കനിർമ്മാണ മേഖലയായ നന്ദിയോട് അടിക്കടി അപകടങ്ങൾ പെരുകുന്നത് സംബന്ധിച്ച് നിരവധി പരാതികളാണുള്ളത്. ദേശീയ സസ്യോദ്യാനവും എണ്ണപ്പന ഗവേഷണകേന്ദ്രവും സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന സ്‌കൗട്ട് പരിശീലനകേന്ദ്രവും ഉൾപ്പെടെ തന്ത്രപ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഫയർ സർവീസ് ലഭിക്കണമെങ്കിൽ നെടുമങ്ങാട്ടോ വിതുരയിലോ നിന്ന് യൂണിറ്റ് എത്തണം. സ്ഥലമെടുപ്പ് പൂർത്തിയായിട്ടും നിയമാനുസൃത നടപടികൾ നീളുന്നതിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യതയേറിയ പ്രദേശമായതിനാൽ ഫയർസ്റ്റേഷൻ അത്യന്താപേക്ഷിതമാണെന്നും എത്രയും വേഗം സർക്കാർ തലത്തിൽ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി നിർദ്ദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ ചെമ്പൻകോട് മണികണ്ഠനാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.