
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തോടനുബന്ധിച്ച് വിളംബരദീപം തെളിച്ചു. ക്ഷേത്രത്തിൽ നിന്ന് തിരിതെളിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്ന ദീപനാളം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ കിഴക്കേനടയിൽ സ്ഥാപിച്ച വിളംബര വിളക്കിലേക്ക് പകർന്നു.
ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, ഭരണസമിതിയംഗം എസ്.വിജയകുമാർ, മാനേജർ ബി.ശ്രീകുമാർ, ശ്രീകാര്യം എസ്.നാരായണ അയ്യർ, ഗോശാല വിഷ്ണു വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ലക്ഷദീപ മഹോത്സവം നവംബർ 21 ന് ആരംഭിക്കും. 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപത്തിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള വേദപണ്ഡിതർ പങ്കെടുക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. അവസാനദിവസമാണ് ലക്ഷദീപം.