ചിറയിൻകീഴ്: താഴംപള്ളി-പൂത്തുറ-അഞ്ചുതെങ്ങ് റോഡിൽ സ്ഥാപിച്ചിട്ടുള്ള ഹമ്പുകളിൽ സൂചന ബോർഡുകളില്ലാത്തത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. അഞ്ചുകിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിൽ അഞ്ചിലേറെ ഹമ്പുകളുണ്ട്. ഹമ്പ് നിർമിക്കുമ്പോൾ സൂചനയായി നൽകുന്ന വെള്ള വരയും ഹമ്പ് അടുക്കുന്നതിന് തൊട്ടുമുൻപ് അടുത്ത് ഹമ്പ് ഉണ്ട് എന്ന സൂചന ബോർഡും സ്ഥാപിക്കേണ്ടതുണ്ട്. ഇവിടെ ഇതൊന്നും പാലിക്കാതെയാണ് ഹമ്പ് നിർമിച്ചിരിക്കുന്നത്. ചെറിയ വാഹനങ്ങൾ ഹമ്പ് അറിയാതെ ചാടിക്കടക്കുന്നത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.
ഇരു ദ്വീപുകളിലായി കഴിഞ്ഞിരുന്ന താഴംപള്ളിയെയും പെരുമാതുറയെയും ബന്ധിച്ചിപ്പിച്ചുകൊണ്ട് പെരുമാതുറ-താഴംപള്ളി പാലം വന്നതോടെ ഇതുവഴി വാഹനങ്ങളുടെ കുത്തൊഴുക്കാണ്. ദേശീയപാതയിലെ തിരക്ക് ഒഴിവാക്കി തിരുവനന്തപുരം-കൊല്ലം റൂട്ടിൽ സവാരി നടത്തുന്നവർക്ക് തീരപ്രദേശത്തെ ഈ റോഡ് ഒരനുഗ്രഹമാണ്. ഗതാഗതത്തിരക്ക് ഒഴിവാക്കാമെന്ന് മാത്രമല്ല കിലോമീറ്റർ കുറവായതുകാരണം പെട്രോളും ലാഭിക്കാം. ഇക്കാരണത്താൽ തന്നെ നിരവധി വാഹനങ്ങൾ ഈ വഴി എത്താറുണ്ട്. അഞ്ചുതെങ്ങ് മുതൽ മുതലപ്പൊഴിവരെയുള്ള ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പുറമെ അടിക്കടിയുള്ള ഹമ്പുകളും യാത്രക്കാർക്ക് ശാപമായി മാറാറുണ്ട്. താഴംപള്ളി-അഞ്ചുതെങ്ങ് മേഖലയിൽ കടൽഭിത്തി തകർന്നിരിക്കുന്നതും ഇതുവഴിയുള്ള വാഹനയാത്രക്കാർക്ക് പലപ്പോഴും ദുരിതങ്ങൾ സമ്മാനിക്കാറുണ്ട്. കടൽ ഭിത്തി തകർന്നതുകാരണം കടലാക്രമണ സമയങ്ങളിൽ ശക്തമായ തിരമാലകൾ കടൽഭിത്തിക്ക് മുകളിലൂടെ ഉയർന്ന് ഈ റോഡും കടന്ന് സമീപത്തെ വീടുകളിൽ പതിക്കാറുണ്ട്. ഈ അവസരങ്ങളിൽ റോഡിൽ മണ്ണ് നിറയുന്നതും പ്രതീക്ഷിക്കാതെ തിരമാലകൾ ഉയരുന്നതും വാഹനയാത്രക്കാർക്ക് പേടി സ്വപ്നമാണ്. ഈ ഭാഗത്തെ റോഡിന്റെ വീതിക്കുറവും ഇവിടുത്തെ അസൗകര്യങ്ങളിലൊന്നാണ്. ഈ വിഷയങ്ങൾക്കെല്ലാം അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും ആവശ്യം.