തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്ന് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികളും. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തും, എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷും വായനശാലകളിലും ക്ഷേത്രങ്ങളിലുമെത്തി കുരുന്നുകൾക്ക് ഹരിഃശ്രീ കുറിച്ചാണ് ഇന്നലെ പ്രചാരണം ആരംഭിച്ചത്. വിദ്യാരംഭ ചടങ്ങുകൾക്കുശേഷം ഭവന സന്ദർശനത്തോടെ പതിവ് പ്രചാരണ പരിപാടികളിലേക്ക് കടന്നു.
മഴയെ വകവയ്ക്കാതെ രാവിലെ മുതൽ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും എത്തിയ മോഹൻകുമാർ മരുതംകുഴി, കാഞ്ഞിരംപാറ, നെട്ടയം, കാച്ചാണി, മരപ്പാലം, പൊട്ടക്കുഴി, ജി.ജി ഹോസ്പിറ്റൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ വോട്ടർമാരെ കാണാനെത്തി. ഡോ. ജോർജ് ഓണക്കൂറിനെ നാലാഞ്ചിറയിലെ വീട്ടിൽ ചെന്നുകണ്ട് വി.കെ. പ്രശാന്ത് അനുഗ്രഹം വാങ്ങി. കല്ലുമല, മൂന്നാംമൂട്, പാണൻകര, വെള്ളൈക്കടവ്, കുലശേഖരം, കൊടുങ്ങാനൂർ എന്നിവിടങ്ങളിലും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥനയുമായി എത്തി. എസ്. സുരേഷ് പാങ്ങോട്, പി.ടി.പി നഗർ, വലിയവിള വാർഡുകളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിച്ചു. ബി.ഡി.ജെ.എസ് കൺവെൻഷനിലും ചെട്ടിവിളാകത്ത് കുടുംബയോഗത്തിലും പങ്കെടുത്തു
വട്ടിയൂർക്കാവ് അറപ്പുര ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിലാണ് കെ. മോഹൻകുമാർ വിദ്യാരംഭച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണ്ണാംമൂല രാജന്റെ പൗത്രൻ ഹരി പത്മനാഭനെ അദ്ദേഹം എഴുത്തിനിരുത്തി. തുടർന്ന് 10 കുട്ടികൾക്കുകൂടി അക്ഷരവെളിച്ചം പകർന്നു.
പൂജപ്പുര സരസ്വതി മണ്ഡപത്തിലാണ് വി.കെ. പ്രശാന്ത് കുഞ്ഞുങ്ങളെ ആദ്യം എഴുത്തിനിരുത്തിയത്. തുടർന്ന് മുറിഞ്ഞപാലത്തെ ലൈബ്രറിയിലും വട്ടിയൂർക്കാവ് അറപ്പുര ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിലും നന്തൻകോട് ലൈബ്രറിയിലും കുരുന്നുകൾക്ക് അക്ഷരമധുരം പകർന്നു.
ഇടപ്പഴഞ്ഞി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് എസ്. സുരേഷ് കുട്ടികൾക്ക് ഹരിഃശ്രീ കുറിച്ചത്. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷമാണ് എൻ.ഡി.എ സ്ഥാനാർത്ഥി അക്ഷരമധുരം പകരാൻ എത്തിയത്.