കല്ലമ്പലം: വഴിത്തർക്കത്തിനിടെ അയൽവാസികളെ കുത്തിപ്പരിക്കേല്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കൽ താഴേമൂതല കക്കാട് കാവുവിള കുന്നുംപുറത്തു വീട്ടിൽ അബ്ദുൾ റഹീമാണ് (65) അറസ്റ്റിലായത്. സംഘർഷത്തിൽ കുത്തേറ്റ് മരിച്ച നജീമിന്റെ പിതാവാണ് ഇയാൾ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തയുടനെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചികിത്സയിലുള്ള മറ്റു മൂന്ന് പ്രതികളും പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഡിസ്ചാർജ് ചെയ്താലുടൻ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രതികളായ കൊല്ലപ്പെട്ട നജീമിന്റെ അനുജൻ നൈസാമും ബന്ധുവായ ഷാഹിറും ഷാഹുൽ ഹമീദും കുത്തേറ്റതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലായതിനാലാണ് ഇവരുടെ അറസ്റ്റ് വൈകുന്നത്. കൊല്ലപ്പെട്ട നജീമിന്റെ കുടുംബവും ഷാഹുൽഹമീദുമായുള്ള വഴിത്തർക്കമാണ് കൊലപാതകത്തിന് കാരണമായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇരു കൂട്ടരും തമ്മിൽ അതിർത്തി കെട്ടിത്തിരിക്കുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൈയാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്.