nursing

തിരുവനന്തപുരം: അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സ് പഠിച്ചവർക്ക് ചില സർക്കാർ ആശുപത്രികളിൽ നിയമനം നൽകുന്നതായി ആക്ഷേപം. കോഴ്സിന്റെ ഭാഗമായുള്ള പരിശീലനവും സർക്കാർ ആശുപത്രികളിൽതന്നെ തരപ്പെടുത്തുന്നുവെന്ന ആരോപണവുമുണ്ട്. ഇതുകാരണം അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് അവസരം നഷ്ടപ്പെടുന്നുവെന്നാണ് പരാതി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്ര് അംഗീകരിച്ചിട്ടില്ലാത്ത പാരാമെഡിക്കൽ കോഴ്സ് പഠിച്ചവർക്കാണ് ചില ജില്ലാ -താലൂക്ക് ആശുപത്രികളിലും മറ്രും അനധികൃതമായി നിയമനം നൽകുന്നതത്രേ. ആശുപത്രി വികസന സമിതികൾ വഴിയാണ് പലപ്പോഴും നിയമനം നടക്കുന്നത്. ഇതിനുമേൽ ചില സ്വാധീനങ്ങളും നടക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്ര് അംഗീകരിച്ച കോഴ്സുകൾ ഏതൊക്കെയാണെന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ സർക്കാർ, സ്വകാര്യ, സ്വാശ്രയ സ്ഥാപനങ്ങളുണ്ട്. എന്നാൽ, ഇതിലൊന്നുമുൾപ്പെടാത്ത സ്ഥാപനങ്ങൾ അംഗീകാരം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴ്സുകൾ നടത്തുന്നത്. മെഡിക്കൽ ലാബ് ടെക്നോളജി, റേഡിയേഷൻ ടെക്നോളജി, ഒപ്താൽമിക് ടെക്നോളജി, ഓപ്പറേഷൻ തിയേറ്രർ ടെക്നോളജി, ഡെന്റൽ ഹൈജീനിസ്റ്ര് തുടങ്ങിയ കോഴ്സുകളൊക്കെ ഇതിൽ ഉൾപ്പെടുന്നുണ്ട്. രണ്ടുവർഷം നീണ്ടുനിൽക്കുന്ന കോഴ്സുകൾക്ക് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ വാങ്ങുന്നതിനേക്കാൾ ഭീമമായ തുക ഫീസായി ഈടാക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ വർഷം 15,000 രൂപയാണ് ഫീസെങ്കിൽ ഇവിടങ്ങളിൽ 45,000, 50,000 രൂപയാണ് ഫീസ്. സംസ്ഥാനത്ത് പാരാമെഡിക്കൽ കൗൺസിൽ ഇല്ലാത്തതിനാൽ ഡിഗ്രി തലത്തിലുള്ള കോഴ്സുകൾക്ക് ഹെൽത്ത് യൂണിവേഴ്സിറ്രിയും ഡിപ്ലോമ കോഴ്സുകൾക്ക് ഡ‌ി.എം.ഇയുമാണ് അംഗീകാരം നൽകുന്നത്.

പരീശീലനം വഴി നിയമനം

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പ്രവേശനം കിട്ടിയ വിദ്യാർത്ഥികൾക്ക് ചില ജില്ലാ, താലൂക്ക് സർക്കാർ ആശുപത്രികളിൽ കോഴ്സിന്റെ ഭാഗമായ പരിശീലനവും കിട്ടുന്നുണ്ട്. ഇത് നിയമ വിരുദ്ധമാണ്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് വ്യവസ്ഥയില്ല. എന്നാൽ, ഇത്തരത്തിൽ പരിശീലനം തരപ്പെടുത്തിയശേഷം അതിൽ ചിലർക്കൊക്കെ സർക്കാർ ആശുപത്രികളിൽ താത്കാലിക നിയമനവും ഒപ്പിക്കാറുണ്ട്. ആശുപത്രി വികസന സമിതികൾ വഴിയാണ് ഇത് ഏറെയും നടക്കുന്നതെന്നാണ് ആക്ഷേപം. അംഗീകാരമുള്ള കോഴ്സാണോ അല്ലാത്തതാണോ എന്ന് പലപ്പോഴും ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് അറിയാനുമാവില്ല. ഇതിന്റെ മറവിലാണ് പരിശീലനവും താത്കാലിക നിയമനവുമൊക്കെ തരപ്പെടുത്തുന്നത്. കോഴ്സ് പഠിച്ചിറങ്ങിയവർക്ക് ഉടൻ ജോലി ലഭിക്കുന്നു എന്ന പ്രചരിപ്പിക്കാനും ഇതുവഴി അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾക്ക് കഴിയുന്നു. മാത്തമാറ്രിക്സ്, ഓർഗാനിക് കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ നല്ല പ്രാവീണ്യം നേടിയശേഷം കഷ്ടപ്പെട്ട് പഠിച്ച് കോഴ്സ് പാസാകുന്ന നിരവധി വിദ്യാർത്ഥികൾ ജോലി കിട്ടാതെ പുറത്തുനിൽക്കുമ്പോഴാണ് അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ ഇത്തരത്തിലുള്ള നീക്കം.