തിരുവനന്തപുരം: തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനെ വനം - വന്യജീവി വകുപ്പിലേക്ക് മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വനം - വന്യജീവി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജനെ തൊഴിലും നൈപുണ്യവും വകുപ്പിലേക്ക് മാറ്റും. നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിംഗിനെ പൊതുമരാമത്തിലേക്ക് മാറ്റും. കൃഷി (മൃഗസംരക്ഷണം), ക്ഷീരവികസനം, സാംസ്‌കാരികകാര്യം (മൃഗശാല) എന്നീ അധിക ചുമതലകളും വഹിക്കും.

പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർദ്ധനറാവുവിനെ ഉദ്യോഗസ്ഥ - ഭരണപരിഷ്‌കാര വകുപ്പിലേക്ക് മാറ്റും.

ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിക്ക് നികുതി വകുപ്പിന്റെ (എക്‌സൈസ് ഒഴികെ) അധികചുമതല നൽകും.

പരിസ്ഥിതിവകുപ്പ് ഡയറക്ടർ വീണ എൻ. മാധവനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറാക്കും. ശുചിത്വമിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദ് അലി പരിസ്ഥിതി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും. ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കരെ കൺസ്യൂമർ അഫയേഴ്‌സ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കും. ലീഗൽ മെട്രോളജി കൺട്രോളറുടെ അധിക ചുമതലയും വഹിക്കും.

മാനന്തവാടി സബ് കളക്ടർ എൻ.എസ്.കെ. ഉമേഷിനെ ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലെ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടാക്കും. ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിനെ സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറാക്കും. ആർ. രാഹുലിനെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഒഫ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറാക്കാനും തീരുമാനിച്ചു.