maranalloor

മലയിൻകീഴ്: മാറനല്ലൂരിൽ സാധാരണ ജനങ്ങൾക്കായി നിർമ്മിച്ച പൊതുശ്മശാനം ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അനാവശ്യ തടസവാദങ്ങൾ കാരണം ഉദ്ഘാടനം ചെയ്യാതെ കാട് പിടിച്ച് കിടക്കുന്നു.

മാറനല്ലൂർ ഗ്രാമപഞ്ചായത്ത് കുക്കിരിപാറയ്ക്ക് സമീപത്തെ മലവിളയിൽ നിർമ്മിച്ച "ആത്മനിദ്രാലയം" പൊതു ശ്മശാനമാണ് പണി തീർന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്യാത്തത്. മാറനല്ലൂർ പഞ്ചായത്തിന്റെ 2004 മുതലുള്ള സ്വപ്നപദ്ധതിയായ ശ്മശാനത്തിനായി സർക്കാർ വക 1 ഏക്കർ 63 സെന്റ് സ്ഥലം 4,07,550 രൂപയ്ക്കാണ് പഞ്ചായത്ത് വാങ്ങിയത്. ആധുനിക രീതിയിലുള്ള വൈദ്യുതി ശ്മശാനത്തിന്റെ ശിലാസ്ഥാപനം 2015 സെപ്തംബർ 14 ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ നിർവഹിച്ചു. ശാന്തി കവാടം മാതൃകയിൽ നിർമ്മാണ പ്രവർത്തനങ്ങളാരംഭിച്ചതും 'ആത്മനിദ്രാലയം" മെന്ന് പേര് നൽകിയതും എൻ. ഭാസുരാംഗൻ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ്. പിന്നീട് പഞ്ചായത്ത് ഭരണസമിതികൾ മാറിമാറി വന്നെങ്കിലും പൊതു ശ്മശാനത്തോട് പലർക്കും താത്പര്യമില്ലായിരുന്നു. പ്രതിപക്ഷത്ത് നിന്ന് പൊതുശ്മശാനത്തിന്റെ പേരിൽ ചെറു സമരങ്ങൾ ആരംഭിക്കുമ്പോൾ പദ്ധതി ഉടൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് മാത്രം. കെട്ടിടം, യന്ത്രസാമഗ്രികൾ, വെള്ളം, വൈദ്യുതി എന്നിവയെല്ലാം ശ്മശാനത്തിലുണ്ടായിട്ടും ഉദ്ഘാടനം മാത്രം നടക്കുന്നില്ല. ഉദ്ഘാടനത്തിന് മുറവിളി കൂട്ടുമെങ്കിലും തങ്ങളുടെ ഭരണകാലത്ത് ഉദ്ഘാടനം മതിയെന്ന രാഷ്ട്രീയ പാർട്ടികളുടെ ചിന്തയാണ് ആത്മനിദ്രാലയം നീണ്ട ഉറക്കത്തിലാകാൻ കാരണം. ഉദ്ഘാടനം നീണ്ടുപോയതിനാൽ പ്രവർത്തനമില്ലാതെ യന്ത്രസാമഗ്രികളെല്ലാം തുരുമ്പെടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടത്തെ നിർദ്ധന കുടുംബത്തിലെ ഒരംഗം മരിച്ചാൽ ശാന്തികവാടത്തിലേക്ക് കൊണ്ട് പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട്ടുമുറ്റത്തും അടുക്കള ഭാഗത്തുമാണ് മൃതദേഹം മറവ് ചെയ്യുന്നത്. ശ്മശാനം പ്രവർത്തനമാരംഭിക്കുന്നതോടെ രണ്ടോ മൂന്നോ സെന്റ് സ്ഥലമുള്ള സാധാരണക്കാർക്ക് പ്രയാജനകരമാകും.