തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അദ്ധ്യാപക നിയമനം കാര്യക്ഷമമാക്കാൻ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ പരിഷ്കാരം കൊണ്ടുവരും. വിദ്യാഭ്യാസ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്ക് ഫീ റഗുലേറ്രറി ബോഡി സ്ഥാപിച്ച് ഫീസ് ഏകീകരിക്കുകയും, അദ്ധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുകയും ചെയ്യും.
സംസ്ഥാന സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലെ അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളമാണ് ഇപ്പോൾ നൽകുന്നത്. സംസ്ഥാന സ്കെയിൽ നൽകണമെന്ന നിർദ്ദേശമുണ്ടെങ്കിലും രേഖകളിൽ ഇങ്ങനെ കാണിച്ചശേഷം അദ്ധ്യാപകർക്ക് ചെറിയ ശമ്പളമാണ് നൽകുന്നത് . ഇതവസാനിപ്പിക്കാൻ നടപടി എടുക്കും. അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം, അതിനനുസരിച്ചുള്ള തസ്തികകളുടെ എണ്ണം, അവയ്ക്കുള്ള അംഗീകാരം എന്നിവ കൈകാര്യം ചെയ്യുന്ന സമന്വയ സോഫ്റ്ര്‌വെയർ വേഗം പൂർത്തിയാക്കും. സർക്കാർ ഉത്തരവുകളും സർക്കുലറുകളും കോടതി ഉത്തരവുകളും ക്രോഡീകരിച്ച് എല്ലാ സ്കൂളുകളിലും എത്തുമെന്ന് ഉറപ്പുവരുത്തും. എട്ടുമുതൽ 12 വരെ ക്ലാസുകളിലുള്ള പാഠപുസ്തകങ്ങളിൽ ക്യൂ.ആർ കോഡ് ഏർപ്പെടുത്താനും തീരുമാനമായി.