kerala-legislative-assemb

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 28 മുതൽ നവംബർ 21 വരെ ചേരാൻ തീരുമാനം. പ്രധാനമായും നിയമനിർമ്മാണം ലക്ഷ്യമാക്കിയാണ് സഭാസമ്മേളനം ചേരുന്നത്. ഇതിനായി ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾക്ക് പുറമേ പുതുതായി അവതരിപ്പിക്കുന്ന ബില്ലുകളും സഭയുടെ പരിഗണനയ്ക്കെത്തും. ഒരു ദിവസം ഉപധനാഭ്യർത്ഥനയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ബില്ലുകൾ ഏതൊക്കെ വേണമെന്ന് കാര്യോപദേശക സമിതി തീരുമാനിക്കും.

അഞ്ച് ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്ന ശേഷം ചേരുന്ന സഭാസമ്മേളനം പുതിയ അഞ്ച് അംഗങ്ങളുടെയും സത്യപ്രതിജ്ഞയോടെയാകും ആരംഭിക്കുക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികം പ്രമാണിച്ച് പ്രത്യേക സമ്മേളനമായിട്ടാകും ചേരുക. നിയമസഭാ ടി.വിയുടെ ഉദ്ഘാടനവും അന്നാണ്.