തിരുവനന്തപുരം: പാളയം എം.എൽ.എ ഹോസ്​റ്റലിന് സമീപത്തെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനും പാഴ്‌സൽ വാങ്ങാനുമെത്തുന്നവരുടെ വാഹനങ്ങൾ അശ്രദ്ധമായി പാർക്ക് ചെയ്യുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പൊലീസ് അസിസ്​റ്റന്റ് കമ്മിഷണർ (നോർത്ത്) സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഹോട്ടലുകളിലെത്തുന്ന വാഹനങ്ങൾ തങ്ങളുടെ സഞ്ചാര സ്വാതന്ത്റ്യം തടയുകയാണെന്ന് ആരോപിക്കുന്ന പരാതിയിലാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് കേസ് രജിസ്​റ്റർ ചെയ്ത് ട്രാഫിക് അസിസ്​റ്റന്റ് കമ്മിഷണർക്ക് നോട്ടീസയച്ചത്. ഇതിനുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. പാളയം മലങ്കര ബിൽഡിംഗ്‌സിലും സമീപ സ്ഥാപനങ്ങളിലുമെത്തുന്ന വാഹനങ്ങൾക്ക് ഹോട്ടലുകളിലെത്തുന്ന വാഹനങ്ങൾ തടസം സൃഷ്ടിക്കുന്നതായി ട്രാഫിക് കമ്മിഷണർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയ നിറയുമ്പോഴാണ് സമീപ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത്. ഇക്കാരണത്താൽ സമീപ കെട്ടിടങ്ങളിലുള്ള വാഹനങ്ങൾക്ക് സുഗമമായി പുറത്തിറങ്ങാൻ കഴിയാറില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മനഃപൂർവം പാർക്ക് ചെയ്യുന്നതായി കരുതാനാവില്ല. സെക്യൂരി​റ്റി ജീവനക്കാരെ നിയോഗിച്ച് അനധികൃത പാർക്കിംഗ് തടയണമെന്ന് ഹോട്ടലുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. പേ ആൻഡ് പാർക്കിംഗ് ജോലിയിലുള്ള ട്രാഫിക് വാർഡൻമാർക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്.