photo

നെടുമങ്ങാട് : അരുവിക്കര ജലസംഭരണിയും റിസർവോയർ പ്രദേശങ്ങളും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ വിദ്യാർത്ഥികളും തൊഴിലുറപ്പ് തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും അണിചേർന്നത് കൗതുകമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കളത്തറ യൂണിറ്റാണ് നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളന്റിയർമാരുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ശുചീകരണ ദൗത്യം ഏറ്റെടുത്തത്. ചാക്കു കണക്കിന് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു. ജലസംഭരണിയുടെ സമീപത്തുള്ള വീടുകളിലെ കിണറുകളിൽ നിന്നും വെള്ളം ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തി. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഇപ്പോഴും ജലസംഭരണിയിൽ അവശേഷിക്കുന്നതായി സംഘാടകർ പറഞ്ഞു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ബി.പ്രഭാകരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ബിജുകുമാർ, മേഖലാ പ്രസിഡന്റ് രഞ്ജിത്.ജി, വിനീഷ് കളത്തറ, യൂണിറ്റ് പ്രസിഡന്റ് അരുൺ തോന്നക്കൽ, സെക്രട്ടറി സുമേഷ് കളത്തറ, ആർ.എസ്. ബിനു, അജിത്കുമാർ,ചന്ദ്രശേഖരൻ, രാമചന്ദ്രൻ സാകേതം, വിപിൻ.എസ് തുടങ്ങിയവർ നേതൃത്വം നല്കി.