krdcl
ട്രെയിൻ

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി - ഹൈസ്‌പീഡ് റെയിൽവേ പദ്ധതിക്ക് സ്ഥലമെടുപ്പിനായി പതിനൊന്ന് ജില്ലകളിൽ നടപടി തുടങ്ങി. 25 കിലോമീറ്റർ വിസ്തൃതിയിൽ ത്രികോണ ആകൃതിയിലുള്ള ഇടനാഴികളായി റഫറൻസ് പോയിന്റുകൾ മാർക്കുചെയ്ത് ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശസർവേയാണ് ആദ്യം നടത്തുക. പാതയ്ക്കായി 100 മീറ്ററിൽ താഴെ വീതിയിലേ സ്ഥലമെടുക്കേണ്ടതുള്ളൂ. കര, നാവിക, വ്യോമസേനകളുടെയും ഇന്റലിജൻസ് ബ്യൂറോയുടെയും ക്ലിയറൻസ് ലഭിച്ചതോടെ ഒരാഴ്ചയ്ക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആകാശസർവേക്ക് അനുമതി നൽകും. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ കമ്പനിയാണ് 531.45 കിലോമീറ്ററിൽ ആകാശസർവേ നടത്തുന്നത്. മൂന്നുമാസത്തിനകം സർവേ പൂർത്തിയാക്കി, വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) കേന്ദ്രത്തിന് സമർപ്പിക്കും. ആകാശസർവേക്ക് 1.70 കോടിയാണ് ചെലവ്. അഹമ്മദാബാദ് - മുംബയ് ബുള്ളറ്റ് ട്രെയിൻ പാതയ്ക്ക് സർവേ നടത്തിയ കമ്പനിയാണ് ജിയോനോ.

തിരുവനന്തപുരം മുതൽ തിരുനാവായ വരെ പുതിയ അലൈൻമെന്റിൽ രണ്ടു ലൈൻ ഗ്രീൻഫീൽഡ് പാതയുണ്ടാക്കണം. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായാണ് പുതിയപാതകൾ നിർമ്മിക്കുക. റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും സംയുക്തകമ്പനിയായ കേരള റെയിൽവേ വികസന കോർപറേഷനാണ് (കെ.ആർ.ഡി.സി.എൽ) പദ്ധതിയുടെ നടത്തിപ്പുചുമതല. പദ്ധതിക്കായി 8656 കോടി ചെലവിൽ സംസ്ഥാനസർക്കാർ 1226.45 ഹെക്ടർ ഭൂമിയേറ്റെടുക്കേണ്ടതുണ്ട്. 6000 വീടുകൾ പൊളിക്കേണ്ടിവരും. റെയിൽപാതയ്ക്ക് ഇരുവശവും സർവീസ് റോഡുകളുള്ളതിനാൽ ഉൾപ്രദേശങ്ങൾ വികസിക്കും. ഭൂമിവിലയും കൂടും. 2024ൽ പദ്ധതി പൂർത്തിയാവുന്നതോടെ അരലക്ഷം തൊഴിലവസരങ്ങളുണ്ടാകും.

കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കാക്കനാട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 10 പുതിയ സ്റ്റേഷനുകൾ വരും. അതിവേഗ ട്രെയിനിൽ ഒരു കിലോമീറ്ററിന് യാത്രാചെലവ് 2.75 രൂപയാണ്.

സ്പീഡ്: 180-200 കിലോമീറ്റർ

തിരുവനന്തപുരം-കൊല്ലം

55 കി.മീ, സമയം-24 മിനിട്ട്

തിരു-കോട്ടയം

149 കി.മീ, സമയം- 1 മണിക്കൂർ 3 മിനിട്ട്

തിരു-എറണാകുളം

195 കി.മീ, സമയം- 1 മണിക്കൂർ 26 മിനിട്ട്

തിരു-തൃശൂർ

259 കി.മീ, സമയം- 1 മണിക്കൂർ 54 മിനിട്ട്

തിരു-കോഴിക്കോട്

358 കി.മീ, സമയം- 2 മണിക്കൂർ 37 മിനിട്ട്

തിരു-കണ്ണൂർ

449 കി.മീ, സമയം- 3 മണിക്കൂർ 16 മിനിട്ട്

തിരു-കാസർകോട്

532 കി.മീ, സമയം- 3 മണിക്കൂർ 52 മിനിട്ട്

''ഭൂമി നൽകുന്നവർക്ക് ആകർഷകമായ നഷ്‌ടപരിഹാരം നൽകും. പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും.''


വി. അജിത്കുമാർ

മാനേജിംഗ് ഡയറക്ടർ,

റെയിൽ വികസന കോർപറേഷൻ