cdeath

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഏത് കസ്റ്റഡി മരണമുണ്ടായാലും അതിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാനൊരുങ്ങി സംസ്ഥാനസർക്കാർ. നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ രാജ്കുമാർ മരിച്ച കേസിന് പിന്നാലെ തൃശ്ശൂർ പാവറട്ടിയിൽ രഞ്ജിത് കുമാർ എക്സൈസ് കസ്റ്റഡിയിൽ മരിച്ചതും സി.ബി.ഐക്ക് വിടാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്.

നാർകോട്ടിക് സ്ക്വാഡ് രഞ്ജിത് കുമാറിനെ കസ്റ്റഡിയിലെടുത്തതിന് ശേഷമുണ്ടായ അസ്വാഭാവികമരണവും അതിനുത്തരവാദികളായവരുടെ പങ്കും വിശദമായി അന്വേഷിക്കാനായി പാവറട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് സി.ബി.ഐയെ ഏല്പിക്കുന്നത്.

സംസ്ഥാനസർക്കാരിന്റെ ഏതെങ്കിലും സേനാവിഭാഗങ്ങൾക്ക് കീഴിൽ കസ്റ്റഡിമരണങ്ങളുണ്ടായാൽ അത് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹരിയാനയിലെ ഒരു കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ സംസ്ഥാനസർക്കാർ പാവറട്ടി കേസും സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചതെന്നാണ് വിവരം.

ഈ മാസം ഒന്നിനാണ് തൃശ്ശൂരിൽ എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത് മരിക്കുന്നത്. ഇയാളെ എക്സൈസ് സംഘം ആശുപത്രിയിലെത്തിക്കുമ്പോൾ മരിച്ച നിലയിലായിരുന്നു. തലയിലെ രക്തസ്രാവമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. നെടുങ്കണ്ടത്ത് സാമ്പത്തികതട്ടിപ്പിന് അറസ്റ്റിലായ രാജ്കുമാർ പീരുമേട് സബ് ജയിലിൽ ജൂൺ 21ന് മരിച്ചു. പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന ആരോപണത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കുടുംബം ഇതിൽ തൃപ്തി രേഖപ്പെടുത്തിയില്ല. തുടർന്ന് കേസ് സി.ബി.ഐക്ക് വിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.