
വിഴിഞ്ഞം: ഇടിമിന്നലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വെങ്ങാനൂർ തൈവിളാകം പണ്ടാരവിളാകം ഉത്രാടം നിവാസിൽ രാജേന്ദ്രന്റെ വീട്ടിലായിരുന്നു അപകടം. രാത്രി 9ഓടെ ഉണ്ടായ അപകടത്തിൽ അടുക്കളയോട് ചേർന്ന ഭാഗത്തെ മുറിയിലുണ്ടായിരുന്ന ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. കൃഷിക്കു വേണ്ടി ഉപയോഗിക്കുന്ന മോട്ടോറും കൃഷി ആവശ്യത്തിനായി അലമാരയിൽ സൂക്ഷിച്ചിരുന്ന 22000 രൂപയും സ്വർണാഭരണങ്ങളും കത്തിനശിച്ചു. രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സംഭവ സമയം വീട്ടുകാർ ബന്ധുവീട്ടിൽ ആയിരുന്നതിനാൽ ആളപാപായം ഉണ്ടായില്ല. വീടിന്റെ ചുമരിന് വിള്ളൽ സംഭവിച്ചു. വീടിലെ വയറിംഗ് ഉൾപ്പെടെയുള്ള ഇലക്ട്രിക് സാധനങ്ങൾ കത്തിനശിച്ചു. രാത്രിയിൽ വീട്ടിലെത്തിയ രാജേന്ദ്രന്റെ മരുമകൻ ആനന്ദാണ് സംഭവം ആദ്യം കണ്ടത്. മുൻവാതിൽ തുറന്നപ്പോൾ അകത്തെ മുറിയിൽ തീ കത്തുന്നതു കണ്ട് അയൽവാസികളുടെ സഹായത്തോടെ വീടിനുള്ളിൽ കയറി ഗ്യാസ് സിലിണ്ടർ പുറത്തേക്കെറിയുകയായിരുന്നു. ഫയർഫോഴ്സിനെ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തി തീ നിയന്ത്രിച്ചു.