v

കടയ്ക്കാവൂർ: ഈ റോഡേ വന്നാൽ വാഹനങ്ങൾ കേടാകും എന്ന് മാത്രമല്ല യാത്രക്കാരുടെ നടുവൊടിയുമെന്ന കാര്യത്തിൽ സംശയമില്ല. മണനാക്ക്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് വഴി നെടുങ്ങണ്ടയിൽ എത്തുന്ന റോഡിന്റെ അവസ്ഥയാണിത്. റോഡിന്റെ പല ഭാഗങ്ങളിലും കുണ്ടും, കുഴിയും, ചാലുകളുമായി മാറി.

തീരദേശ റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ട് ഉടനെ റോഡിന്റെ പണി തുടങ്ങും എന്ന് അധികൃതർ പറഞ്ഞ് തുടങ്ങിയിട്ടും കാലമേറേയായി, ഇത്രത്തോളം കുഴപ്പമില്ലാതിരുന്ന നെടുങ്ങണ്ട മുതൽ വർക്കല വരെയുള്ള റോഡിന്റെ റീടാറിംഗ് നടന്നു കൊണ്ടിരിക്കയാണ്. എന്നിട്ടും ഏറ്റവും അപകടാവസ്ഥയിലായ നെടുങ്ങണ്ട അഞ്ചുതെങ്ങ് മണനാക്ക് റോഡിന്റെ അപകടാവസ്ഥയെ പറ്റി ചിന്തിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

പാലയിൽ ഇലക്ഷൻ കഴിയട്ടേ, ഉടനേ റോഡിന്റെ പണിതുടങ്ങുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. അഞ്ചുതെങ്ങ് മുതൽ നെടുങ്ങണ്ട വരെ റോഡിലെ വെള്ളം ഒഴുകി കായലിൽ പോകാൻ എട്ട് സ്ഥലത്ത് ഓടകൾ ഉണ്ടായിരുന്നു. ഈ ഓടകൾ നികഴ്ത്തിയതോടെ വെള്ളം റോഡിൽ കെട്ടികിടക്കുന്നതിനാൽ ഗതാഗത യോഗ്യമാക്കുന്ന റോഡ് ഒരു വർഷത്തിനകം ഗതാഗത യോഗ്യമല്ലാതാകും. അതിനാൽ റോഡ് സഞ്ചാര യോഗ്യമാക്കുന്നതോടൊപ്പം റോഡിൽ വെള്ളം കെട്ടിനിൽക്കാതെ വെളളം ഒഴുകിപ്പോകാനുള്ള സൗകര്യവും ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.