തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്റാലയത്തിന്റെ 'ഇന്ത്യയെ അറിയുക' പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ ഇന്ത്യൻ വംശജരുടെ യുവസംഘം രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. കേരളത്തിന്റെ ഉയർന്ന സാക്ഷരതാനിരക്ക്, വിദേശബന്ധം,സാമൂഹിക സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളിലെ മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ച് സംഘം ഗവർണറുമായി സംവദിച്ചു. നൂറ്റാണ്ടുകൾ മുമ്പുള്ള കേരളത്തിന്റെ വൈദേശിക ബന്ധമാണ് സാക്ഷരതയിൽ മുന്നേറാൻ കേരളത്തെ സഹായിച്ചതെന്ന് ഗവർണർ പറഞ്ഞു.
ഒൻപത് രാജ്യങ്ങളിൽ നിന്നായി 40അംഗ സംഘമാണ് കേരളത്തിലെത്തിയത്. കേരളത്തിൽ മുസിരീസ് കോട്ട, കലാമണ്ഡലം, കോയിക്കൽ കൊട്ടാരം, കയർ വില്ലേജ്, ബാലരാമപുരം കൈത്തറി നെയ്‌ത്ത് വില്ലേജ്, വിതുര ജഴ്‌സി ഫാം, വി.എസ്.എസ്.സി തുടങ്ങിയ സ്ഥാപനങ്ങളാണ് സന്ദർശിക്കുന്നത്. 15 വരെയാണ് പരിപാടി. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദോദാവത്ത്, കേന്ദ്രവിദേശകാര്യ മന്ത്റാലയത്തിലെ കൺസൾട്ടന്റ് സുനിൽ അഗ്‌നിഹോത്രി, നോർക്ക വകുപ്പിലെയും നോർക്ക റൂട്ട്‌സിലെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.