തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ പത്ത് കമ്പനി കേന്ദ്രസേന കേരളത്തിലെത്തും. കേന്ദ്ര സേനയ്‌ക്കൊപ്പം സായുധ പൊലീസിനെയും വിന്യസിക്കും. പോളിംഗ് സ്റ്റേഷനുകളിലെ സുരക്ഷ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാരുമായും എസ്.പിമാരുമായും റിട്ടേണിംഗ് ഓഫീസർമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇക്കാര്യം പറഞ്ഞത്. ഓരോ മണ്ഡലത്തിലെയും സാഹചര്യങ്ങൾ വിലയിരുത്തിയാകും കേന്ദ്രസേനയെ വിന്യസിക്കുക.

സംസ്ഥാന അതിർത്തിയിലുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. കർണാടകവുമായി ചേർന്ന പോളിംഗ് സ്‌റ്റേഷനുകളിൽ അതിർത്തി കടന്നെത്തിയുള്ള വോട്ടിംഗ് തടയാൻ ശക്തമായ സംവിധാനമൊരുക്കും. മണ്ഡലത്തിൽ 16 അതിർത്തി ബൂത്തുകളുണ്ട്. ബുർഖ ധരിച്ചവർ ഉൾപ്പെടെ സ്ത്രീകളെ പരിശോധിക്കാൻ വനിതാ ഓഫീസർമാരെ നിയോഗിക്കും.

ഉദ്യോഗസ്ഥർ ആരെങ്കിലും പക്ഷപാതപരമായി പെരുമാറിയാൽ ശക്തമായ നടപടിയെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

വീഡിയോ കോൺഫറൻസിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഇന്റലിജൻസ് ഐ.ജി വിനോദ്കുമാർ, തിരുവനന്തപുരം സി​റ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, ജോയിന്റ് സി.ഇ.ഒ രമേശ് ചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

പ്രശ്നബാധിത ബൂത്തുകൾ

മഞ്ചേശ്വരം :42

എറണാകുളം :5

അരൂർ: 2

വട്ടിയൂർക്കാവ്: 36

കോന്നി : 22 ബൂത്തുകൾ സെൻസിറ്റീവ്, ​2 ഗുരുതര പ്രശ്‌നസാദ്ധ്യതാ ബൂത്തുകൾ